മിന്നൽ പ്രളയം: മരണം 14 ആയി, സിക്കിമിൽ കുടുങ്ങി മലയാളികളടക്കം 3000 വിനോദ സഞ്ചാരികൾ

ഗാങ്‌ടോക്: വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിനടുത്തുണ്ടായ മേഘവിസ്‌ഫോടനത്തിലും തുടര്‍ന്ന് തീസ്താ നദീതടത്തിലുണ്ടായ മിന്നല്‍പ്രളയത്തിലും മരണപ്പെട്ടവരുടെ എണ്ണം 14 ആയി. 22 സൈനികരുള്‍പ്പടെ 102 പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി.

14 പാലങ്ങള്‍ ഒലിച്ചുപോയതായും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇവരില്‍ മലയാളികളുമുണ്ടെന്നാണ് വിവരം. രണ്ടായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 22,000 പേരെയെങ്കിലും പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.

ബുധനാഴ്ച പുലര്‍ച്ചയോടെയാണ് മേഘവിസ്‌ഫോടനമുണ്ടാകുന്നത്. പിന്നാലെ സിക്കിമിലെ ഏറ്റവും വലിയ അണക്കെട്ടായ ചുങ്താങ് അണക്കെട്ട് തകര്‍ന്നതും സ്ഥിതി ഗുരുതരമാക്കി.