അഖില്‍ സജീവ് അറസ്റ്റില്‍; അറസ്റ്റ് തമിഴ്നാട് തേനിയിൽ നിന്ന് പുലർച്ചെ മൂന്ന് മണിയോടെ; സിഐടിയു നൽകിയ പരാതിയിലാണ് അറസ്റ്റ്

അഖിൽ മാത്യുവിന് തട്ടിപ്പിൽ പങ്കില്ലെ. ഹരിദാസനെ കണ്ടിട്ടില്ല. അഖില്‍ ഒളിവില്‍ കഴിഞ്ഞത് ഒറ്റയ്ക്കാണെന്നാണ് പൊലീസ് പറയുന്നത്. അഖിൽ സജീവൻ കോട്ടയത്ത് നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്. ആരോഗ്യമന്ത്രിയുടെ ഭർത്താവിന്റെ പേരും തട്ടിപ്പിനായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തൽ.

തിരുവനന്തപുരം: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അഖില്‍ സജീവ് അറസ്റ്റില്‍. പത്തനംതിട്ട പൊലീസാണ് പിടികൂടിയത്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അഖിൽ സജീവ് ഒളിവിൽപോയിരുന്നു.

തമിഴ്നാട് തേനിയിൽ നിന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അഖിൽ സജീവ് പിടിയിലായത്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അഖിൽ സജീവിനെ അറസ്റ്റ് ചെയ്തത്. സിഐടിയു പത്തനംതിട്ട ജില്ലാ നേതൃത്വം നൽകിയ പരാതിയിലാണ് അറസ്റ്റ്. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ അഖിൽ സജീവ് പണം തട്ടിയെടുത്തതായി നേതൃത്വം പരാതി നൽകിയിരുന്നു.

അഖില്‍ ഒളിവില്‍ കഴിഞ്ഞത് ഒറ്റയ്ക്കാണെന്നാണ് പൊലീസ് പറയുന്നത്. ഹരിദാസിന്‌റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് സ്വാഭാവികമായി ചോദ്യംചെയ്യുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി. എന്നാല്‍ ഒളിവില്‍ കഴിയാന്‍ അഖിലിന് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ, ഇയാള്‍ക്കൊപ്പം കൂട്ടാളികളുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഇനിയും വ്യക്തമാകേണ്ടതുണ്ട്.

കന്യാകുമാരി ഭാഗത്ത് അഖിൽ ഉണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മലപ്പുറം സ്വദേശിയായ ഹരിദാസൻ നൽകിയ പരാതിക്ക് പിന്നാലെയാണ് അഖിൽ സജീവിനെതിരായ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുന്നത്. ജനുവരി തൊട്ട് അഖില്‍ നാട്ടിലുണ്ടായിരുന്നില്ല. അഖിലിനായി അന്വേഷണം ഊര്‍ജിതമായിരുന്നുവെന്ന് ഡിവൈഎസ്പി പറഞ്ഞു. പിടികൂടിയത് തേനി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ്.

ഹരിദാസന്റെ മരുമകള്‍ക്ക് നിയമനത്തിനായി ഇടനിലക്കാരനായ അഖില്‍ സജീവും മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അഖില്‍ സജീവിന് 75000 രൂപയും അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് ഹരിദാസ് ആരോപിക്കുന്നത്. നിയമനത്തിനായി ഇവര്‍ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷില്‍ നിന്ന് ഇമെയില്‍ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ആയുഷിന്റേതെന്ന പേരില്‍ വ്യാജ ഇമെയില്‍ നിര്‍മ്മിച്ചത് Ad. റമീസും – അഖിൽ സജീവും ചേർന്നാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ ഓരോ ദിവസവും അഖിൽ സജീവും സംഘവും നടത്തിയ തൊഴിൽ തട്ടിപ്പിന്റെ കൂടുതൽ പരാതികളും തെളിവുകളും പുറത്തുവരുന്ന്നത്. ആരോഗ്യ വകുപ്പിൽ തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അഖിൽ സജീവൻ കോട്ടയത്ത് നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്. കോട്ടയം മെഡിക്കൽ കോളജിലെ സെക്യൂരിറ്റി സർവീസുമായി ബന്ധപ്പെട്ട് കോഴിക്കോട് ആസ്ഥാനമായ മാൻപവർ കമ്പനിയിൽ നിന്ന് 10 ലക്ഷം രൂപയാണ് അഖിൽ സജീവനും ലെനിൻ രാജും ചേർന്ന് തട്ടിയെടുത്തത്.

കമ്പനിയെ കബളിപ്പിക്കാനായി തയ്യാറാക്കിയ കോട്ടയം മെഡിക്കൽ കോളേജിന്റെ പേരിലുള്ള വ്യാജ കത്തിന്റെ ഇ-മെയിൽ പകർപ്പും കമ്പനി അഖിലിന് പണം കൈമാറിയതിന്റെ രേഖകളും പുറത്തു വന്നു. കോട്ടയം മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി സർവീസിൽ ഒഴിവുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കോഴിക്കോട് ആസ്ഥാനമായ വിസിൽ എക്സ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ സൈയ്ഫുദ്ദിൻ പള്ളിവളപ്പിലിനെ അഖിൽ രാജുമായി ബന്ധപ്പെടുത്തിയത് അഡ്വ. ലെനിൻ രാജാണ്.

അഖിൽ പത്തനംതിട്ടയിലെ സിപിഎം നേതാവാണെന്ന മുഖവുരയോടെയുള്ള പരിചയപ്പെടുത്തലിൽ കോട്ടയം മെഡിക്കൽ കോളജിലെ ശുചീകരണ – പാർക്കിംഗ് മേഖലയിലെ ഒഴിവുകളെക്കുറിച്ച് സംസാരിച്ചു. പിന്നീട് ഏപ്രിൽ 11ന് കോട്ടയം മെഡിക്കൽ കോളജ് അഡ്മിൻ ശ്യാം കൃഷ്ണയുടെ പേരിൽ ഒഫിഷ്യൽ ഇമെയിൽ വിസിൽ എക്സിന് ലഭിക്കുന്നു. ഇത് വിശ്വാസത്തിലെടുത്ത കമ്പനി ഡയറക്ടർ സൈയ്ഫുദ്ദിൻ പള്ളിവളപ്പിലിൽ കോട്ടയം മെഡിക്കൽ കോളജിലെത്തി.

ഇതേ സമയം മെഡിക്കൽ കോളജിനകത്തെ അഡ്മിനിസ്ട്രേഷൻ ഓഫിസിനു പുറത്ത് ശ്യാം കൃഷ്ണ എന്ന പേരിൽ അഖിൽ തയ്യാറാക്കി നിർത്തിയ ആളുമായി കമ്പനി ഡയറക്ടർ സൈഫുദ്ദീൻ സംസാരിക്കുന്നു. ശേഷം 10 ലക്ഷം രൂപ കോഷൻ ഡിപ്പോസിറ്റായി കൈമാറാൻ ഒഫിഷ്യൽ ഇമെയിൽ വഴി അഡ്മിൻ എന്ന ശ്യാം കൃഷ്ണ ആവശ്യപ്പെടുന്നു. വിവിധ ഘട്ടങ്ങളിലായി എട്ട് ലക്ഷം രൂപ അഖിലിൻ്റെ ബാങ്ക് അക്കൗണ്ടിലേക്കും രണ്ട് ലക്ഷം രൂപ നേരിട്ടും ഗൂഗിൾ പേ വഴിയും കൈമാറി. മെഡിക്കൽ കോളജിനടുത്ത് കമ്പനി 30 തൊഴിലാളികളെ എത്തിച്ച് താമസിപ്പിക്കുകയും ചെയ്തു. ആഴ്ച്ചകൾ കഴിഞ്ഞിട്ടും ഈ തൊഴിലാളികൾക്ക് മെഡിക്കൽ കോളജിലേക്ക് ജോലിക്കായി പ്രവേശിക്കാനാകാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലാകുന്നത്. ആരോഗ്യമന്ത്രിയുടെ ഭർത്താവിന്റെ പേരും തട്ടിപ്പിനായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും കമ്പനി ഡയറക്ടർ വെളിപ്പെടുത്തി.

അഖിൽ സജീവൻ്റെ തട്ടിപ്പിന്‍റെ കഥകള്‍ ഇവിടെ മാത്രമായി ഒതുങ്ങുന്നില്ല. ബീവറേജസ് കോർപ്പറേഷനിലും ജോലി വാഗ്ദാനം നൽകി ഇയാൾ പണം തട്ടിയിട്ടുണ്ട്. കേരളത്തിലങ്ങോളം ഇങ്ങോളമായുള്ള നിരവധി തട്ടിപ്പ് കഥകളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.