സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന ലോട്ടറിത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗവുമായ വി.ബി. അശോകനാണു ലോട്ടറി ഏജന്റോ വില്‍പ്പനക്കാരനോ അല്ലാതിരുന്നിട്ടും അംഗത്വമെടുത്ത് ആനുകൂല്യങ്ങള്‍ സ്വീകരിച്ചത്.
ആലപ്പുഴ: ലോട്ടറിത്തൊഴിലാളി ക്ഷേമനിധിയില്‍ അനര്‍ഹമായി അംഗത്വമെടുത്ത് ആലപ്പുഴയിലെ സി.പി.എം. നേതാവ് ആനുകൂല്യം കൈപ്പറ്റിയതു 10 വര്‍ഷം. സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന ലോട്ടറിത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗവുമായ വി.ബി. അശോകനാണു ലോട്ടറി ഏജന്റോ വില്‍പ്പനക്കാരനോ അല്ലാതിരുന്നിട്ടും അംഗത്വമെടുത്ത് ആനുകൂല്യങ്ങള്‍ സ്വീകരിച്ചത്.
ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു.) ജില്ലാ സെക്രട്ടറിയുമാണ് നിലവില്‍ ക്ഷേമനിധി പെനഷനറായ ഇദ്ദേഹം. 2021 ഡിസംബര്‍ ഒന്നുവരെ അംശദായമടച്ച ഇദ്ദേഹം പിന്നീട് പെന്‍ഷനുവേണ്ടി അപേക്ഷ നല്‍കുകയായിരുന്നു. ലോട്ടറി വില്‍പ്പനക്കാരനാണെന്നതിനു തെളിവായി രണ്ടു ലോട്ടറി ഏജന്‍സികളുടെ സാക്ഷ്യപത്രമാണ് ക്ഷേമനിധി ഓഫീസില്‍ കൊടുത്തിട്ടുള്ളത്. ക്
ഷേമനിധിയില്‍ അംഗമാകാനും തുടരാനും പ്രതിമാസം 25,000 രൂപയുടെ ടിക്കറ്റെടുത്ത് വില്‍ക്കണമെന്നാണു ചട്ടം. ഇദ്ദേഹം ഇത്രയും ടിക്കറ്റ് എടുക്കുന്നുണ്ടെന്ന് ആലപ്പുഴയിലെ എ-5131, എ-5590 എന്നീ ലോട്ടറി ഏജന്‍സികളാണു സാക്ഷ്യപ്പെടുത്തിയത്.
ലോട്ടറി ക്ഷേമനിധിയില്‍ കയറിപ്പറ്റിയ അനര്‍ഹരെ ഒഴിവാക്കി പട്ടിക ശുദ്ധീകരിക്കാനുള്ള ശ്രമം ധനമന്ത്രിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനവ്യാപകമായി നടക്കുകയാണ്. ഇതിനിടെയാണു ജില്ലയിലെ മുതിര്‍ന്ന സി.പി.എം. നേതാവ് 10 വര്‍ഷമായി ആനുകൂല്യം കൈപ്പറ്റിയ ശേഷം പെന്‍ഷനറായി തുടരുന്നത്.
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പാക്കിയതാണു ക്ഷേമനിധി. അംഗങ്ങള്‍ക്കു ബോണസ്, വിവാഹ, പ്രസവ സഹായധനം ഉള്‍പ്പെടെയുള്ള വിവിധ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ വന്‍തുകയാണു മുടക്കുന്നത്.
ലോട്ടറി വില്‍പ്പനയുമായി നേരിട്ട് ഒരു ബന്ധവുമില്ലാത്ത ഏറ്റവുമധികം ആളുകളെ ക്ഷേമനിധിയില്‍ ചേര്‍ത്തിരിക്കുന്നത് ആലപ്പുഴ ജില്ലയിലാണ്. 10,500-ഓളം അംഗങ്ങളാണ് ആകെ ഇവിടുള്ളത്. അനര്‍ഹരെന്നു സംശയമുള്ള 3,800 പേര്‍ക്ക് നോട്ടീസ് അയച്ചു. അര്‍ഹതയില്ലാത്ത 3,000 പേര്‍ ഇനിയും ജില്ലയിലുണ്ടെന്നാണു സൂചന. വിവിധ ട്രേഡ് യൂണിയനുകളുമായി ബന്ധമുള്ള 15 ഇടനിലക്കാരാണു ജില്ലയില്‍ അനര്‍ഹരെ ക്ഷേമനിധിയില്‍ ചേര്‍ത്തത്. അംഗങ്ങള്‍ക്ക് ഓണത്തിനുകിട്ടുന്ന 6,000 രൂപ ബോണസില്‍നിന്ന് 2,000 രൂപ വീതം ഇടനിലക്കാരന്‍ കൈക്കലാക്കും.
എന്നാൽ താന്‍ ലോട്ടറി ഏജന്റായിരുന്നു, വില്‍പ്പനയും നടത്തിയിരുന്നു. അതിനാലാണു ക്ഷേമനിധി അംഗമായതെന്നും പ്രായപരിധി കഴിഞ്ഞതിനാല്‍ ഇപ്പോള്‍ ക്ഷേമനിധി പെന്‍ഷനറാണെന്നും വി.ബി. അശോകന്‍ പ്രതികരിച്ചു.