‘വെളുക്കാൻ തേച്ചു, വൃക്ക പോയി’; ‘ഫേസ് ക്രിം’ തേച്ച് വൃക്ക തകരാറിലായ 11 പേർക്ക് നെഫ്രോടിക് സിൻഡ്രോം കണ്ടെത്തി; പതിനാലുകാരി ഗുരുതരാവസ്ഥയിൽ

ചർമം വെളുപ്പിക്കൽ ക്രീമുകൾ വിപണിയിൽ പെരുകുന്നതിനെക്കുറിച്ച് ദേശീയ രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി. ഗൾഫ് രാജ്യങ്ങളിലും ഇത്തരം ക്രീമുകൾ വിപണിയിലുണ്ട്.

മലപ്പുറം: വെളുക്കാൻ തേച്ചത് പാണ്ടായി എന്നത് പഴയ പ്രയോഗം. ഇപ്പോൾ ‘വെളുക്കാൻ തേച്ചത് വൃക്ക തകരാറിലാക്കി’ എന്ന് മാറ്റിപ്പറയേണ്ട ഗതികേടിലായി മലയാളികൾ. മലപ്പുറത്ത് ‘യൂത്ത് ഫെയ്സ്’, ‘ഫൈസ’ തുടങ്ങിയ ചർമം വെളുപ്പിക്കൽ ക്രീമുകൾ ഉപയോഗിച്ച 11 പേർക്കാണ് നെഫ്രോടിക് സിൻഡ്രോം കണ്ടെത്തിയത്. ഇതിൽ ഗുരുതരനിലയിലായ പതിനാലുകാരി തുടർച്ചയായി ‘യൂത്ത് ഫെയ്സ്’ ഉപയോഗിച്ചിരുന്നു. സമാന ലക്ഷണങ്ങളുമായി എത്തിയവരും ഈ ക്രീം ഉപയോഗിച്ചിരുന്നതായി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രി അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് കേന്ദ്ര ഏജൻസികൾ. വൃക്ക തകരാറിലാക്കുന്ന സൗന്ദര്യവർധക ലേപനങ്ങൾ മലബാർ വിപണിയിൽ പെരുകുന്നതിനെക്കുറിച്ചു ദേശീയ രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി. കൃത്യമായ നിർമാണ മേൽവിലാസമില്ലാത്ത ലേപനങ്ങളാണിവ എന്നതും ഗൗരവകരമാണ്.

ചില ക്രീമുകളിൽ രസവും കറുത്തീയവും അടക്കമുള്ള ലോഹ മൂലകങ്ങൾ അമിതമായി അടങ്ങിയിട്ടുണ്ടെന്നു കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികൾ റിപ്പോർട്ട് നൽകിയിരുന്നു. മലപ്പുറം ഡ്രഗ്സ് കൺട്രോൾ വിഭാഗം ഓഫിസിലും കോട്ടയ്ക്കലിലെ ആശുപത്രിയിലും അന്വേഷണ സംഘമെത്തി വിവരങ്ങൾ ശേഖരിച്ചു. മലപ്പുറം ഡ്രഗ്സ് കൺട്രോൾ വിഭാഗം നേരത്തേ തന്നെ ഇത്തരം ക്രീമുകളുടെ വിൽപന നിരീക്ഷിച്ചുവരികയായിരുന്നു.

‘യൂത്ത് ഫെയ്സ്’ ക്രീമിൽ നിർമാതാക്കളുടെ വിവരങ്ങളില്ല. മുംബൈയിലെ ഒരു സ്ഥാപനത്തിന്റെ വിലാസമുണ്ടെങ്കിലും അവർ ഇങ്ങനെയൊരു ക്രീം നിർമിക്കുന്നില്ല. എന്നാൽ ഗൾഫ് രാജ്യങ്ങളിലും ഇത്തരം ക്രീമുകൾ വിപണിയിലുണ്ട്.

മുഖത്ത് തേക്കാനും, ശരീരത്തിൽ പുരട്ടാനും ഒക്കെ ഉപയോഗിക്കുന്ന വിവിധ ക്രീമുകൾ കൃത്യമായ പരിശോധനക്ക് ശേഷം മാത്രം മതി എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഗുണനിലവാരം ഉറപ്പ് നൽകുന്ന സൗന്ദര്യ വർധക ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക. പാരമ്പര്യവും – ഗുണനിലവാരവും ഉള്ള ഇത്തരം ഉൽപ്പന്നങ്ങൾ ഉള്ളപ്പോൾ കുറുക്കു വഴി തേടി തട്ടിപ്പ് കമ്പനികൾക്ക് പിന്നാലെ പോകുന്നവർക്കാണ് ഇത്തരം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരുക.

ക്രീമുകളിൽ‌ ലോഹമൂലകങ്ങൾ അമിതമായുള്ളതിനാൽ പെട്ടെന്നു ചർമത്തിനു തിളക്കമുണ്ടാകുന്നതാണ് നെഫ്രോട്ടിക് സിൻഡ്രോം. എന്നാൽ, ഈ മൂലകങ്ങൾ രക്തത്തിൽ കലർന്നു വൃക്കയെ ബാധിക്കും. ശരീരഭാരം കൂടുക, അമിതമായ ക്ഷീണം, ഉയർന്ന രക്തസമ്മർദം, അണുബാധ തുടങ്ങിയവയും ഇതേ തുടർന്ന് ഉണ്ടാകാം.