കരുവന്നൂർ ബാങ്ക് തട്ടിപ്പ്‌: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് ജ്വല്ലറി ഉടമ; സതീഷ്കുമാർ 15 ലക്ഷം തട്ടിയെന്ന പരാതിയുമായി വീട്ടമ്മ ED ക്ക് മുന്നിൽ

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി എസ്ടി ജ്വല്ലറി ഉടമ സുനിൽ കുമാർ. സുനിൽ കുമാർ ഇഡിക്ക് നൽകിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തൽ. ഇക്കാര്യം സുനിൽ കുമാർ മാധ്യമങ്ങളോടും പറഞ്ഞു. മകളുടെ വിവാഹ ആവശ്യത്തിനാണ് പണം നൽകിയതെന്നും സുനിൽ കുമാർ പറഞ്ഞു. പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറിയും സതീഷ് കുമാറിന്റെ സഹോദരനും ഇഡിക്ക് മുന്നിൽ ഹാജരായി.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിക്കെതിരെ പരാതിയുമായി വീട്ടമ്മ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. സതീഷ് കുമാര്‍ വായ്പാ തുകയില്‍നിന്ന് 15 ലക്ഷം തട്ടിയെന്ന പരാതിയുമായി തൃശ്ശൂര്‍ സ്വദേശിയായ സിന്ധുവാണ് ഉച്ചയോടെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്.

തൃശ്ശൂര്‍ ജില്ല ബാങ്കിലെ 18 ലക്ഷം രൂപയുടെ വായ്പയുടെ ടേക്ക് ഓവറിന് സതീഷ് കുമാറിനെ സമീപിച്ചിരുന്നതായി ഇവര്‍ പറഞ്ഞു. തട്ടിപ്പിനിരയായതോടെ കടബാധ്യത 73 ലക്ഷം രൂപയായി വര്‍ധിച്ചുവെന്നുമാണ് സിന്ധുവിന്‍റെ പരാതി. സിന്ധുവിന്‍റെ പരാതി ഉള്‍പ്പെടെ കേസില്‍ തെളിവായി ഇഡി ശേഖരിച്ചിട്ടുണ്ട്. പണം തട്ടിയതുമായി ബന്ധപ്പെട്ട് നേരത്തെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ സിന്ധു പരാതി നല്‍കിയിരുന്നു. ഇതില്‍ സതീഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

കരുവന്നൂർ ബാങ്ക്‌ തട്ടിപ്പിലെ കള്ളപണ ഇടപാട് കേസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്‍റെ മാരത്തൺ ചോദ്യം ചെയ്യലാണ് ഇന്ന് രാവിലെ മുതല്‍ നടന്നത്. പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ടി.ആർ. രാജൻ, മുഖ്യപ്രതി സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്ത്‌, തൃശൂർ എസ്.ടി ജ്വല്ലറി ഉടമ സുനിൽ കുമാർ എന്നിവരാണ് കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായയത്. നേരത്തെ നൽകിയ രേഖകൾ പര്യാപ്തമല്ലെന്ന് ഇ ഡി അറിയിച്ചത്തോടെയാണ് കൂടുതൽ രേഖകളുമായി ടി.ആർ.രാജൻ വീണ്ടും എത്തിയത്. അറസ്റ്റിൽ ആയ കൗൺസിലർ അരവിന്ദാക്ഷന്റെ അമ്മക്ക് പെരിങ്ങണ്ടൂർ ബാങ്കിൽ 62 ലക്ഷം രൂപ നിക്ഷേപം ഉണ്ട്‌ എന്ന് ഇഡി ആരോപിച്ചിരുന്നു. മൂന്നാംവട്ടം നോട്ടിസ് നൽകിയാണ് സുനിൽ കുമാറിനെ ഇഡി വിളിപ്പിച്ചത്. മാരത്തണ്‍ ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് സിന്ധു പരാതിയുമായി ഇഡിക്കുമുന്നിലെത്തുന്നത്.

അതേ സമയം, കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വീണ്ടും നോട്ടീസ് നൽകും. ഇപ്പോൾ ഹാജരാക്കിയ സ്വത്ത് വിവരങ്ങളുടെ രേഖകൾ അപൂർണമെന്ന് ഇഡി വ്യക്തമാക്കി. സമർപ്പിച്ച സ്വത്ത് വിവരങ്ങളിൽ തൃശൂർ സഹകരണ ബാങ്കിലെയും അക്കൗണ്ട് വിവരങ്ങൾ ഇല്ല. ആവശ്യമുള്ള രേഖകളുടെ പട്ടിക തയ്യാറാക്കി വീണ്ടും നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം.