സ്ത്രീകളുടെ വിമോചനത്തിനും വധശിക്ഷയ്ക്ക് എതിരെയും നിരന്തരം പോരാടി. 13 തവണ അറസ്റ്റിലായ നർഗിസ് മൊഹമ്മദി ഇപ്പോൾ ഇറാനിൽ ജയിലിലാണ്.
ഓസ് ലോ: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക നർഗസ് സഫിയ മുഹമ്മദിക്ക്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരം. ഇറാന്‍ ഭരണകൂടത്തിന്‍റെ മനുഷ്യാവകാശ വിരുദ്ധ നടപടികള്‍ക്കെതിരായ പോരാട്ടങ്ങളുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നർഗസ് സഫിയ മുഹമ്മദി ജയിലില്‍ വെച്ചാണ് പുരസ്കാര വാര്‍ത്ത അറിഞ്ഞത്.
മനുഷ്യാവകാശങ്ങള്‍ക്കായി ഇറാന്‍ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായ വ്യക്തിയാണ് നര്‍ഗസ് സഫിയ മുഹമ്മദി. വിവിധ കുറ്റങ്ങള്‍ ചുമത്തി കൃത്യമായ വിചാരണ പോലുമില്ലാതെ 31വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് നർഗസ് സഫിയ മുഹമ്മദിക്ക് വിധിച്ചിരുന്നത്.
മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം ഇറാനില്‍ ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് ഇത്തവണത്തെ സമാധാന നൊബേല്‍ പുരസ്കാരം ഇറാനിലേക്കെത്തുന്നത്. മുന്‍ വര്‍ഷങ്ങളിലും മനുഷ്യാവകാശങ്ങള്‍ക്കായി വിവിധ ഭരണകൂടങ്ങളോട് ഏറ്റുമുട്ടി ജയില്‍വാസം അനുഭവിക്കുന്നവര്‍ക്ക് നോബേല്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിന്‍റെ പേരില്‍ പെണ്‍കുട്ടിയെ ഇറാന്‍റെ മത പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അതിനെതുടര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍ ഇപ്പോഴും ഇറാനില്‍ കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞയാഴ്ചയും ശിരോവസ്ത്രം ധരിക്കാത്തതിന്‍റെ പേരില്‍ സ്ത്രീയെ ഇറാനിലെ മതപൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. അതിനെതുടര്‍ന്നുള്ള പ്രക്ഷോഭം തുടരുന്നതിനിടെയാണ് ഇറാനില്‍ ഏറെക്കാലമായി മനുഷ്യവകാശങ്ങള്‍ക്കായി പോരാടുന്ന നര്‍ഗസ് സഫിയ മുഹമ്മദിയെ തേടി സമാധാന നൊബേല്‍ പുരസ്കാരമെത്തുന്നത്.
Leave a Reply