രാഹുൽ ഗാന്ധിക്കെതിരായ ബിജെപിയുടെ രാവണൻ പരാമർശം: സംസ്ഥാന വ്യാപക പ്രതിഷേധത്തിന് KPCC

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപിയുടെ ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ച് എഐസിസി ആഹ്വാനം അനുസരിച്ച് ഡിസിസികളുടെ നേതൃത്വത്തിൽ ഇന്നു സംസ്ഥാന വ്യാപക പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകർ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലം കത്തിക്കും. സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.

ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കും രാഹുൽ ഗാന്ധിയെ ഭയമായതിനാലാണ് അദ്ദേഹത്തെ രാവണനായി ചിത്രീകരിച്ച് ആക്രമിക്കുന്നതിനായി ആഹ്വാനം ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. നരേന്ദ്ര മോദിയുടെ താരമൂല്യം ഇടിയുകയും ദേശീതലത്തിൽ ബിജെപിയുടെ പ്രസക്തി മങ്ങുകുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയെ ഇല്ലാതാക്കാനുള്ള ശ്രമം ബിജെപി ക്യാമ്പ തുടങ്ങിയത്.

ബിജെപിയുടെ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജിൽ രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച് പങ്കുവെച്ച ചിത്രം ഗൗരവമേറിയതാണ്. ഇതിലൂടെ ബിജെപി രാഹുൽ ഗാന്ധിയുടെ ജീവൻതന്നെ അപായപ്പെടുത്താനുള്ള ആഹ്വാനമാണ് പങ്കുവെച്ചിരിക്കുന്നത്. ഇതിനെ കോൺഗ്രസ് ഗൗരവത്തോടെയാണ് കാണുന്നത്. ഗാന്ധി കുടുംബത്തിൽ നിന്നും ഒരുതുള്ളി ചോരപൊടിയാൻ രാജ്യത്തെ കോൺഗ്രസ് പ്രവർത്തകർ അനുവദിക്കില്ല. ബിജെപിയുടെ അക്രമ ആഹ്വാനത്തിനെതിരെ രാജ്യത്തെ മതേതര ജനാധിപത്യവിശ്വാസികൾ പ്രതിഷേധിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.