രാഹുൽ ഗാന്ധിയെ രാവണനാക്കി ചിത്രീകരിച്ചത് കൊല്ലണമെന്ന ലക്ഷ്യത്തോടെ; ബിജെപിക്കെതിരെ കോൺഗ്രസ്

ബിജെപിയുടെ പ്രവൃത്തിയെ അപലപിക്കാൻ വാക്കുകളില്ലെന്ന് കെ സി വേണുഗോപാൽ. മോദി സർക്കാർ നിസ്സാര രാഷ്ട്രീയ ലാഭത്തിനായാണ് രാഹുൽ ഗാന്ധിയുടെ എസ് പി ജി പരിരക്ഷ പിൻവലിച്ചത്. വസതിയിൽ നിന്ന് പുറത്താക്കിയ ശേഷം അദ്ദേഹം ആവശ്യപ്പെട്ടിട്ടും മറ്റൊരു വീട് അനുവദിച്ചില്ല.

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ ബിജെപി-കോൺഗ്രസ് പോസ്റ്റർ യുദ്ധം തുടരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ബിജെപി രാവണനാക്കി ചിത്രീകരിച്ചത് കൊല്ലണമെന്ന ഉദ്ദേശമുള്ളതുകൊണ്ടാണെന്ന് കോൺഗ്രസ് പറഞ്ഞു. ബിജെപിയുടെ പ്രവൃത്തിയെ അപലപിക്കാൻ വാക്കുകളില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.

ബിജെപിയുടെ നാണംകെട്ട പോസ്റ്ററിനെ കുറിച്ച് അപലപിക്കാൻ വാക്കുകളൊന്നും മതിയാകില്ല. അവരുടെ നീചമായ ലക്ഷ്യങ്ങൾ വ്യക്തമാണ്. അവർ രാഹുലിനെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്നും കൊലപാതകത്തിലാണ് അദ്ദേഹത്തിന് മുത്തശ്ശിയെയും അച്ഛനെയും നഷ്ടപ്പെട്ടതെന്നും വേണുഗോപാൽ പറഞ്ഞു.

മോദി സർക്കാർ നിസ്സാര രാഷ്ട്രീയ ലാഭത്തിനായാണ് രാഹുൽ ഗാന്ധിയുടെ എസ് പി ജി പരിരക്ഷ പിൻവലിച്ചത്. വസതിയിൽ നിന്ന് പുറത്താക്കിയ ശേഷം അദ്ദേഹം ആവശ്യപ്പെട്ടിട്ടും മറ്റൊരു വീട് അനുവദിച്ചില്ല. ഇതെല്ലാം വിരൽ ചൂണ്ടുന്നത് കടുത്ത വിമർശകനായ രാഹുലിനെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ആസൂത്രിത ഗൂഢാലോചനയിലേയ്ക്ക് ആണെന്നും വേണുഗോപാൽ ആരോപിച്ചു.

രാഹുൽ ഗാന്ധിയെ നവയുഗ രാവണനാക്കി ബിജെപി ഇന്നലെയാണ് ‘എക്സി’ൽ പോസ്റ്ററിട്ടത്. കോൺഗ്രസ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ പെരും നുണയനെന്നും ജുംല (വ്യാജവാഗ്ദാനം) ബോയ് എന്നും വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തിരുന്നു. ബിജെപിയുടെ ഔദ്യോഗിക ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ രാഹുൽഗാന്ധിക്ക് കുറേ തലകൾ ചേർത്തു വച്ച് ‘രാവൺ’ എന്നാണ് പേര് നൽകിയത്.

‘ഇതാ പുതുതലമുറയിലെ രാവണൻ. അയാൾ തിന്മയാണ്. ധർമത്തിനും രാമനും എതിരെ പ്രവർത്തിക്കുന്നവൻ. ഭാരതത്തെ തകർക്കുകയാണ് അയാളുടെ ലക്ഷ്യം’, എന്ന കുറിപ്പോടെയാണ് രാഹുൽ ഗാന്ധിയെ രാവണനാക്കിയ പോസ്റ്റർ ബിജെപി പങ്കുവെച്ചത്.