പലിശ നിരക്കിൽ മാറ്റമില്ലാതെ റിസർവ് ബാങ്കിന്റെ പണനയം; ഓഹരി വിപണിയിൽ പുതു ചലനമില്ല

മുംബൈ: നിരക്ക് മാറ്റം വരുത്താതെ റിസർവ് ബാങ്കിന്റെ പണനയം. പണനയ കമ്മിറ്റി 5-1 വോട്ടിലാണു നിരക്കുമാറ്റം വേണ്ടെന്നു തീരുമാനിച്ചത്. റിപോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. മറ്റു നിരക്കുകളിലും മാറ്റമില്ല. കമ്മിറ്റിയുടെ സമീപനത്തിലും മാറ്റമില്ല.

വിലക്കയറ്റം കുറഞ്ഞു വരും എന്നു പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ടാണ് റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ് തീരുമാനം അറിയിച്ചത്. എന്നാൽ വിലക്കയറ്റ കാര്യത്തിൽ പല അനിശ്ചിതത്വങ്ങൾ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ഈ ധനകാര്യ വർഷത്തെ വിലക്കയറ്റ പ്രതീക്ഷ മാറ്റമില്ലാതെ നിലനിർത്തി.

റിസർവ് ബാങ്കിന്റെ നയ തീരുമാനം വിപണിയുടെ പ്രതീക്ഷ പോലെ തന്നെയായി. അതിനാൽ വിപണിയിൽ പ്രത്യേകമായ ചലനം ഉണ്ടായില്ല. നിഫ്റ്റി 19,600 നു സമീപം തുടർന്നു. യു.എസ് വിപണി ഇന്നലെ താഴ്ന്നതും ഇന്നു തുടക്കത്തിൽ ഉയർന്ന ഏഷ്യൻ വിപണികൾ താണതും ഇന്ത്യൻ വിപണിയുടെ ആവേശം കുറച്ചു.