107 മെഡലുകള്‍, ചരിത്രമെഴുതി ഇന്ത്യ! നാളെ കൊടിയിറക്കം

19മത് ഏഷ്യന്‍ ഗെയിംസില്‍ അഭിമാന നേട്ടവുമായി ഇന്ത്യ. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ വേട്ടയോടെയാണ് ഇന്ത്യ ചൈനയില്‍ നിന്ന് മടങ്ങാനൊരുങ്ങുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 28 സ്വര്‍ണ്ണവും 38 വെള്ളിയും 41 വെങ്കലവും ഉള്‍പ്പെടെ 107 മെഡലുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. 655 അംഗങ്ങളടങ്ങിയ സംഘത്തെ അയക്കുമ്പോള്‍ 100 മെഡലുകള്‍ക്ക് മുകളിലായിരുന്നു ഇന്ത്യയുടെ ലക്ഷ്യം.

ചരിത്രത്തിലാദ്യമായി 100 മെഡലുകളെന്ന അഭിമാന നേട്ടത്തോടെ തലയുയര്‍ത്തി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് ഇന്ത്യ. ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ ക്കൊയ്‌ത്തോടെയാണ് ഇന്ത്യയുടെ മടക്കം. 370 മെഡലുകളോടെ ആതിഥേയരായ ചൈനയാണ് ചാമ്പ്യന്മാരായത്. 194 സ്വര്‍ണ്ണവും 108 വെള്ളിയും 68 വെങ്കലവും ചൈന നേടി. 49 സ്വര്‍ണ്ണവും 62 വെള്ളിയും 68 വെങ്കലവും ഉള്‍പ്പെടെ 179 മെഡലുകളുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ റിപ്പബ്ലിക്ക് ഓഫ് കൊറിയ 39 സ്വര്‍ണ്ണവും 56 വെള്ളിയും 89 വെങ്കലവും ഉള്‍പ്പെടെ 184 മെഡലുമായി മൂന്നാം സ്ഥാനത്തുമെത്തി.

14ആം ദിനം ഇന്ത്യ ചരിത്ര കുതിപ്പ് നടത്തിയാണ് അഭിമാന നേട്ടത്തിലേക്കെത്തിയിരിക്കുന്നത്. ആറ് സ്വര്‍ണ്ണമാണ് ഇന്ന് ഇന്ത്യ നേടിയെടുത്തത്. വനിതകളുടെ അമ്പെയ്ത്തിലെ വ്യക്തിഗത വിഭാഗത്തില്‍ ജ്യോതി സുരേഖ വിനാം ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയപ്പോള്‍ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ ഓജസ് പ്രവീനും സുവര്‍ണ്ണ നേട്ടം സ്വന്തമാക്കി.

പുരുഷ ക്രിക്കറ്റിൽ ഇന്ത്യയ്‌ക്ക്‌ സ്വർണം. ഫൈനലിൽ അഫ്‌ഗാനിസ്ഥാനെതിരായ മത്സരം മഴയെത്തുടർന്ന് ‌ഉപേക്ഷിച്ചതോടെയാണ്‌ റാങ്കിങ്ങിലെ മുൻതൂക്കം വച്ച്‌ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചു‌. മത്സരത്തിൽ ആദ്യം ബാറ്റ്‌ ചെയ്‌ത അഫ്‌ഗാനിസ്ഥാൻ 18.2 ഓവറിൽ112 ന്‌ 5 എന്ന നിലയിൽ എത്തിയപ്പോഴാണ്‌ മഴഎത്തിയത്‌. മത്സരം പുനരാരംഭിക്കാൻ കഴിയില്ല എന്ന്‌ ഉറപ്പായതോടെയാണ്‌ ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചത്‌.

വനിതകളുടെ കബഡിയില്‍ ചരിത്രമെഴുതിയാണ് ഇന്ത്യ സ്വര്‍ണ്ണത്തിലേക്കെത്തിയത്. ഫൈനലില്‍ ചൈനീസ് തായ്‌പെയി സഖ്യത്തെ 26-25 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ വനിതാ ടീം സ്വര്‍ണ്ണം കഴുത്തിലണിഞ്ഞത്. ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഇന്ത്യക്കായി സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യമാണ്സ്വര്‍ണ്ണം നേടിയത്. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ സഖ്യത്തെ 21-18, 21-16 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സഖ്യത്തിന്റെ അഭിമാന നേട്ടം. ആദ്യമായാണ് ഈ ഇനത്തില്‍ ഇന്ത്യ സ്വര്‍ണ്ണ മെഡല്‍ നേടുന്നത്. വനിതകളുടെ ഹോക്കിയില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടി. ജപ്പാനെ 2-1ന് തോല്‍പ്പിച്ചാണ് വനിതകളുടെ വെങ്കല മെഡല്‍ നേട്ടം. പുരുഷന്മാരുടെ ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണ്ണം നേടിയിരുന്നു.

പുരുഷന്മാരുടെ 86 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ദീപക് പുനിയ വെള്ളി നേടി. ഫൈനലില്‍ ഇറാന്‍ താരത്തോട് 10-0നാണ് ദീപക് പരാജയപ്പെട്ടത്. ചെസ്സിലും ഇന്ത്യ ചരിത്ര നേട്ടത്തിലേക്കെത്തി. ഇന്ത്യന്‍ പുരുഷ ടീമും വനിതാ ടീമും ചെസില്‍ വെള്ളി മെഡലാണ് നേടിയത്. വിദിത് ഗുജറാത്തി, അര്‍ദുന്‍ ഇറിഗാസി, ഹരികൃഷ്ണന്‍ പി എന്നിവരാണ് പുരുഷന്മാരുടെ ചെസില്‍ ഇന്ത്യക്ക് വെള്ളി നേടിക്കൊടുത്തത്. 

വനിതകളില്‍ കൊനേരു ഹംപി, ഹരിക ദ്രോണാവല്ലി, വന്തിക അഗര്‍വാള്‍, ആര്‍ വൈശാലി, സവിത ശ്രീ എന്നിവര്‍ അടങ്ങുന്ന ടീമാണ് മെഡല്‍ നേടിക്കൊടുത്തത്. 7 മത്സരം ജയിച്ച വനിതാ ടീം ഒരു മത്സരം മാത്രമാണ് ചൈനയോട് തോറ്റത്. അമ്പെയ്ത്തിലും ഇന്ത്യയെ തേടി മെഡലെത്തി. വനിതകളുടെ കോമ്പൗണ്ട് വിഭാഗം അമ്പെയ്ത്തില്‍ ഇന്ത്യയുടെ അതിഥി ഗോപീചന്ദ് വെങ്കല മെഡല്‍ നേടിയപ്പോള്‍ ഇതേ ഇനത്തില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ സ്വര്‍ണ്ണവും നേടി. പുരുഷന്മാരുടെ കോംപൗണ്ട് വിഭാഗം അമ്പെയ്ത്തില്‍ ഓജവ് പ്രവീണ്‍ സ്വര്‍ണ്ണവും അഭിഷേക് വര്‍മ വെള്ളിയും നേടി.

നാളെ ഔദ്യോഗികമായി ഏഷ്യന്‍ ഗെയിംസിന് കൊടിയിറങ്ങും. ഉദ്ഘാടനത്തിന് സംഘടിപ്പിച്ച ഗംഭീര പരിപാടികള്‍ പോലെ സമാപന ചടങ്ങും ഗംഭീരമാവും. ഇനി 2024ലെ പാരിസ് ഒളിംപിക്‌സിനായുള്ള മുന്നൊരുക്കമാണ് താരങ്ങള്‍ക്ക് മുന്നിലുള്ളത്.