സമ്മർദ്ദം ചെലുത്തി പിരിക്കേണ്ട; നേതാക്കൾ അധികാര കേന്ദ്രങ്ങളാകരുത്; ജില്ലാ കമ്മിറ്റികൾക്ക് ധാർഷ്ട്യം: സിപിഎം അവലോകന റിപ്പോർട്ട്

തിരുവനന്തപുരം: തുടര്‍ഭരണത്തിന്റെ തണലില്‍ സമ്മര്‍ദ്ദം ചെലുത്തി പണം പിരിക്കുന്നുണ്ടെന്നും ഇതേപ്പറ്റി ഇപ്പോഴും പരാതികള്‍ ഉയര്‍ന്നു വരുന്നുവെന്നും സി പി എം. അതിനാൽ തുടര്‍ഭരണത്തിന്റെ തണലില്‍ പിരിവ് വേണ്ടെന്ന് സിപിഎം റിപ്പോർട്ടില്‍ പറയുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശമുള്ളത്.

ജില്ലാ കമ്മിറ്റികളോട് അഭിപ്രായം ചോദിക്കുമ്പോള്‍ വേഗത്തില്‍ മറുപടി ഉണ്ടാകുന്നില്ലെന്ന കുറ്റപ്പെടുത്തലും രേഖയിലുണ്ട്. വേഗതയിലും കൃത്യതയിലും മറുപടി എത്തിക്കുന്ന സ്ഥിതി ഇപ്പോഴുമില്ല. പല സ്ഥാനങ്ങളിലേക്കും നിര്‍ദ്ദേശിച്ച പേരുകള്‍ ജില്ലാ കമ്മിറ്റികള്‍ പിന്നീട് മാറ്റി പറയുന്നതായും റിപ്പോർട്ടിൽ പറയുന്നു.

നേതാക്കള്‍ സ്വയം അധികാര കേന്ദ്രങ്ങള്‍ ആകരുതെന്ന താക്കീതും രേഖയിലുണ്ട്. ഈ പ്രവണത പൂര്‍ണമായും ഇല്ലാതാക്കാന്‍ ആകണമെന്ന നിര്‍ദ്ദേശവും രേഖ മുന്നോട്ടുവയ്ക്കുന്നു. സർക്കാരിന്റെ ദൈനംദിന പ്രവർത്തനത്തിൽ പാർട്ടി ഇടപെടരുതെന്ന് നേരത്തെ അംഗീകരിച്ച രേഖയിൽ കീഴ് ഘടകങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതിൽ വീഴ്ചയുണ്ടെന്ന് സൂചിപ്പിക്കുന്ന പരാമർശങ്ങളും ഇപ്പോഴത്തെ രേഖയിലുണ്ട്.

സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടരുതെന്ന നിർദ്ദേശം പാലിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് രേഖയിലെ പരാമർശം. സഹകരണ സ്ഥാപനങ്ങളുമായി ചേർന്ന് തദ്ദേശസ്ഥാപനങ്ങൾ പ്രാദേശിക വികസന പദ്ധതികൾ നടപ്പാക്കണമെന്ന മുൻ നിർദ്ദേശം പാലിക്കപ്പെട്ടില്ലെന്ന കുറ്റപ്പെടുത്തലും രേഖയുടെ ഭാഗമാണ്. ഇക്കാര്യത്തിൽ പാർട്ടി ഘടകങ്ങൾ ഗുരുതരമായ അലംഭാവമാണ് കാട്ടുന്നത് എന്നാണ് കുറ്റപ്പെടുത്തൽ. കഴിഞ്ഞ ദിവസം മന്ത്രിമാര്‍ രാഷ്ട്രീയ പ്രതിരോധം തീർക്കണമെന്ന അവലോകന റിപ്പോർട്ടും പുറത്തുവന്നിരുന്നു.

രാഷ്ട്രീയമായി ശക്തമായ ആക്രമണം എതിരാളികളില്‍ നിന്നുണ്ടാകുന്ന സാഹചര്യം ചൂണ്ടിക്കാണിച്ചാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സര്‍ക്കാരിനെതിരെ അവമതിപ്പുണ്ടാക്കുന്ന ഇടപെടല്‍ നടക്കുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രത്യേകിച്ചും അവമതിപ്പുണ്ടാക്കുന്ന ഇടപെടല്‍ നടക്കുന്നുവെന്നും അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഈ ഘട്ടത്തില്‍ ഫലപ്രദമായി ഇടപെടുന്നതിന് മന്ത്രിമാര്‍ക്ക് കഴിയേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. മന്ത്രിമാര്‍ പാര്‍ട്ടി നയം പാലിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. നയപരമായ കാര്യങ്ങള്‍ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്‌തേ തീരുമാനമെടുക്കാവൂവെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്. അത് ഉറപ്പാക്കണമെന്ന നിര്‍ദ്ദേശവും മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ കൊണ്ട് നയപരമായ കാര്യങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ശ്രദ്ധപതിയണം. ജില്ലാ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ മന്ത്രിമാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.