Breaking
18 Sep 2024, Wed

അരമണിക്കൂർ ലോക്കപ്പിൽ കിടത്തിയതിന്‌ 50,000 രൂപ നഷ്ടപരിഹാരം; തുക പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണം: ഹൈക്കോടതി

പോലീസ് പിടിച്ചു കൊണ്ട് പോയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയോ കേസ് എടുക്കുകയോ ചെയ്തിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥർ നിയമം കൈയിലെടുക്കാൻ പാടില്ലെന്ന സന്ദേശം നൽകാനാണത്രെ ഇത്തരമൊരു വിധി.

ന്യൂഡൽഹി: അന്യായമായി അരമണിക്കൂർ ഡൽഹി പൊലീസ് ലോക്കപ്പിലടച്ച വ്യക്തിക്ക്‌ 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരത്തുക സ്‌റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഉത്തരവിട്ടു.
പൗരന്മാരോടുള്ള പോലീസുകാരുടെ പെരുമാറ്റം ഞെട്ടിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥർ നിയമം കൈയിലെടുക്കാൻ പാടില്ലെന്ന അർഥവത്തായ സന്ദേശം നൽകാനുമാണ് ഇത്തരമൊരു വിധിയെന്നും ജസ്റ്റിസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഡൽഹിയിലെ ബദർപുർ പോലീസ് സ്റ്റേഷനിലാണ് വിധിക്കാസ്പദമായ സംഭവം. പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്താതെ അരമണിക്കൂര്‍ ലോക്കപ്പിലിട്ട ശേഷം വിട്ടയച്ചു എന്നുകാട്ടി പങ്കജ് കുമാര്‍ ശര്‍മയെന്നയാള്‍ സമർപ്പിച്ച ഹർജിയിലാണ് വിധി.

ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ നഷ്ടപരിഹാരത്തിന് കോടതിയെ സമീപിച്ചത്. പോലീസ് പിടിച്ചു കൊണ്ട് പോയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയോ ഇയാൾക്കെതിരെ കേസ് എടുക്കുകയോ ചെയ്തിരുന്നില്ല. ഒരു കാരണവുമില്ലാതെ അനധികൃതമായി പോലീസ് സ്റ്റേഷനിൽ പിടിച്ച് കൊണ്ടുവന്ന് അരമണിക്കൂർ നേരം സ്റ്റേഷനിലെ തടങ്കലിൽ കൊണ്ടിടുകയായിരുന്നു. പോലീസിന്റെ ഈ പ്രവർത്തിയെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യത്തെ ലംഘിക്കുന്ന ധിക്കാരമായാണ് കോടതി നിരീക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *