കരുവന്നൂരിൽ പാർട്ടി അന്വേഷണത്തിൽ പിഴവുണ്ടായി, കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണം: ജി. സുധാകരൻ; എളമരം കരീമിനെതിരെയും തുറന്നടിച്ചു

തിരുവനന്തപുരം: കരുവന്നൂർ കേസിൽ കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നെന്ന് മുൻ മന്ത്രിയും സിപഎം മുതിർന്ന നേതാവുമായ ജി.സുധാകരൻ. കരുവന്നൂരിലെ പാർട്ടി അന്വേഷണത്തിൽ പിഴവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്യുന്നത് ഏത് കൊലകൊമ്പനായാലും നടപടിയെടുക്കാൻ പാർട്ടി തയാറാകണം. കരുവന്നൂർ കേസിൽ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണമെന്നും ജി.സുധാകരൻ സ്വകാര്യ ചാനലിൽ അഭിമുഖത്തിൽ പറഞ്ഞു.

കേസ് അന്വേഷിക്കുന്ന ഇഡിയെ ആര് വിചാരിച്ചാലും തടയാനാകില്ല. കാര്യങ്ങൾ പരിശോധിക്കാൻ ഇഡിക്ക് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഴവുണ്ടെങ്കിൽ പരിശോധിക്കുന്നതിൽ തടസ്സമില്ല. എംകെ കണ്ണൻ കാര്യങ്ങൾ ഇഡിയെ ബോധ്യപ്പെടുത്തണം. അല്ലാതെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എം.കെ കണ്ണനെപ്പോലുള്ളവർ കാര്യങ്ങൾ ഇഡിയെ ബോധ്യപ്പെടുത്തണം. അല്ലാതെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ താൻ പ്രവർത്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടത് സ്ഥാനാർത്ഥികളുടെ വിജയത്തിനായി മുഴുവൻ സമയവും താൻ പ്രവർത്തിച്ചു. എന്നാൽ പരാതി അന്വേഷിച്ച എളമരം കമ്മീഷൻ താൻ പ്രവർത്തിച്ചില്ലെന്ന് റിപ്പോർട്ടിൽ എഴുതിവച്ചു. ഇതിന് പിന്നിൽ ആരൊക്കെയെന്ന് താൻ വെളിപ്പെടുത്തും. എല്ലാം ജനങ്ങളെ ധരിപ്പിക്കുമെന്നും ജി സുധാകരൻ അഭിമുഖത്തിൽ പറഞ്ഞു.