‘അറസ്റ്റിലായവരെല്ലാം പണ്ടേ പുറത്താക്കിയവർ, ഭൂതകാലബന്ധത്തിന്റെ പേരിൽ ആരോപണം ഉന്നയിക്കരുത്’: എം വി ഗോവിന്ദൻ; ജി. സുധാകരൻ വിഷയത്തിൽ മറുപടി ഇല്ല

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന ആവർത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗൂഢാലോചന നടന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഗൂഢാലോചനയിൽ പൊലീസ് അന്വേഷണം വേണം. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. ഇവരെയൊക്കെ പിടികൂടിയക്കഴിഞ്ഞപ്പോൾ ചില മാധ്യമങ്ങൾ പറയുന്നത് ഇവർക്കെല്ലാം ഇടതുപക്ഷ ബന്ധമുണ്ടെന്നാണ്. തട്ടിപ്പിന് അറസ്റ്റിലായവർക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ല. ഭൂതകാല ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ ആരോപണം ഉന്നയിക്കരുത്. അഖിൽ സജീവൻ ഉൾപ്പടെ ഉള്ളവരെ നേരത്തെ പുറത്താക്കിയതാണ്.

അഖിൽ സജീവ് സിഐടിയു ഓഫീസിലുണ്ടായിരുന്നയാളാണ്. അവിടെ നിന്ന് പുറത്താക്കിയിരുന്നു. അവർ കൊടുത്ത പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് ചെയിതിരിക്കുന്നത്. ഇവരെയെല്ലാം നിമയത്തിന്‌ മുന്നിൽ കൊണ്ട് വരുക തന്നെയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ജി സുധാകരന്റെ കരുവന്നൂർ ഇഡി പരാമർശത്തില്‍ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജി സുധാകരൻ ഉന്നയിച്ച ആരോപണങ്ങളോട് എം വി ഗോവിന്ദൻ പ്രതികരിച്ചില്ല.