ഒറ്റപ്പാലം നഗരസഭ: കൗൺസിലർമാരുടെ കൈയ്യാങ്കളി

പാലക്കാട് : ഒറ്റപ്പാലം നഗരസഭാ കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ തമ്മിൽ കൈയ്യാങ്കളി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ വിവാദങ്ങളെ ചൊല്ലിയുള്ള ചർച്ചയ്ക്കിടെയായിരുന്നു തർക്കം. നഗരസഭ യോഗം ആരംഭിച്ച് അൽപസമയത്തിനകം കൗൺസിലർമാർ ചേരിതിരിഞ്ഞ് തർക്കിക്കുകയായിരുന്നു.

ഇന്നലെ ഒരു രോഗിക്ക് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകാത്ത വിഷയം യു ഡി എഫ് കൗൺസിലർമാർ യോഗത്തിൽ ഉന്നയിച്ചു. ഇതോടെ ഭരണ പക്ഷ സി പി എം കൗൺസിലർമാർ ബഹളമുണ്ടാക്കി. തുടർന്നാണ് ഇരുവിഭാഗവും ബഹളത്തിലേക്കും കൈയ്യാങ്കളിയിലേക്കും നീങ്ങിയത്.

യുഡിഎഫ് അംഗം എം ഗോപൻ സംസാരിച്ചു കൊണ്ടിരിക്കെ സിപിഎം കൗൺസിലർമാർ പ്രതിരോധം തീർത്തതോടെയായിരുന്നു തർക്കവും ബഹളവും ഉടലെടുത്തത്. സിപിഎമ്മിനെതിരെ ബിജെപി കൂടി തിരിഞ്ഞതോടെ തർക്കം കൈയ്യാങ്കളിയായി. മുതിർന്ന അംഗങ്ങൾ ഇടപെട്ടാണ് ഇരു വിഭാഗത്തെയും പിരിച്ചുവിട്ടത്.