ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കേരളത്തിൽ, ഗവർണറുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച

കോഴിക്കോട്: മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്ന് രാവിലെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കോഴിക്കോട് എത്തി. മോഹൻ ഭാഗവതും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. അന്നേ ദിവസം വൈകിട്ട് രാജ്ഭവനിലാണ് കൂടിക്കാഴ്ച. വരുന്ന പൊതു തെരെഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ നടക്കും. സംസ്ഥാനത്തെ രാഷ്ട്രീയ നീക്കങ്ങൾ സംബന്ധിച്ച കാര്യങ്ങളും ചർച്ചയാകും.

ഇന്ന് വൈകുന്നേരം 5 മണിക്ക് കേസരി ഭവനിൽ നടക്കുന്ന അമൃതശതം പ്രഭാഷണ പരമ്പരയിൽ അദ്ദേഹം സംസാരിക്കും. ആർ.എസ്.എസിന്റെ 100 വർഷത്തോടനുബന്ധിച്ച് നടക്കുന്ന അമൃതശതം വ്യാഖ്യാനമാല-പ്രഭാഷണ പരമ്പരയിൽ ‘ആർ.എസ്.എസ് സംഘടനാ ശാസ്ത്രം’ എന്ന വിഷയത്തിൽ പ്രസംഗിക്കും. കേസരി വാരിക സംഘടിപ്പിക്കുന്നതാണ് പരിപാടി.

തുടർന്ന് വള്ളിക്കാവ് അമ്യത എൻജിനിയറിംഗ് ഇൻസ്റ്റിട്യൂട്ടിൽ ചേരുന്ന ശിബിരത്തിൽ പങ്കെടുത്ത ശേഷം അദ്ദേഹം വൈകീട്ട് വള്ളിക്കാവ് ആശ്രമത്തിൽ മാതാ അമ്യതാനന്ദമയിയെ സന്ദർശിക്കും. 9, 10 തീയതികളിൽ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം വിവിധ യോഗങ്ങളിൽ പങ്കെടുക്കും.