ഇസ്രയേൽ – ഹമാസ് യുദ്ധം: 300ലധികം പേർ കൊല്ലപ്പെട്ടു, ഇന്ത്യ ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു; വിമാന സർവീസുകൾ റദ്ദാക്കി

ഹമാസ് നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ രൂക്ഷമായ ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷത്തില്‍ മരണ സംഖ്യ ഉയരുന്നു. ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രയേലില്‍ 40 മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിന് പിന്നാലെ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. പലസ്തീന്‍ മേഖലയില്‍ ഇതിനോടകം മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടമായതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രയേലി വ്യോമാക്രമണത്തില്‍ ഗാസ മേഖലയില്‍ മാത്രം 198 പേര്‍ മരിച്ചെന്നാണ് മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ നല്‍കുന്ന സൂചന. അറുന്നൂറോളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഹമാസ് ആക്രമണത്തില്‍ ഇസ്രയേലി റെസ്ക്യു സര്‍വീസ് ഉദ്യോഗസ്ഥർ നേരത്തെ 33 മരണമാണ് സ്ഥിരീകരിച്ചത്.

ഇസ്രയേലിലെ ഹമാസ് ആക്രമണത്തെ അമേരിക്ക, യുകെ, ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും അപലപിച്ചു. തീവ്രവാദത്തിന് ന്യായീകരണമില്ലെന്നും ഹമാസിന്‍റെ ആക്രമണം ന്യായീകരിക്കാവുന്നതല്ലെന്നും അമേരിക്ക പറഞ്ഞു.യുദ്ധം അവസാനിപ്പിക്കണമെന്നും ഇരു രാജ്യങ്ങളും സമാധാനത്തിലേക്ക് നീങ്ങണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.

ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ ഇസ്രയേലിന് ഐക്യദാർഢ്യം അറിയിച്ച് ഇന്ത്യ. സാഹചര്യത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഹമാസ് ആക്രമണം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞു. ‘ഇസ്രയേലിലെ ആക്രമണ വാർത്ത ഞെട്ടലോടെയാണ് അറിഞ്ഞത്‌. ഞങ്ങളുടെ പ്രാർഥന നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണ്. പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറുകളില്‍ ഇസ്രയേലിന് ഐക്യദാർഢ്യം’ എന്നാണ് മോദി എക്‌സിൽ കുറിച്ചത്.

ഇസ്രയേലിലുള്ള ഇന്ത്യൻ പൗരൻമാരോട് ജാഗ്രതയോടെയിരിക്കാൻ വിദേശകാര്യ മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നുമാണ് നിർദേശം. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ കേന്ദ്രങ്ങളിൽ തന്നെ തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടാനായി ഫോൺ നമ്പറും നൽകിയിട്ടുണ്ട്. ഇസ്രയേലിലേക്കുള്ള വിമാന സ‍ർവീസുകൾ റദ്ദാക്കിയതായി എയ‍ർ ഇന്ത്യ അറിയിച്ചു. ദില്ലിയിൽ നിന്ന് ടെൽ അവീവിലേക്കും തിരിച്ചുമുള്ള സ‍ർവീസുകളാണ് റദ്ദാക്കിയത്.