ഇന്ത്യയ്ക്ക് ജയത്തുടക്കം; ഓസ്ട്രേലിയക്കെതിരെ 6 വിക്കറ്റ് ജയം; അടുത്തത് പാകിസ്ഥാൻ

ചെന്നൈ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയത്തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 52 പന്തും ആറ് വിക്കറ്റും ബാക്കി നില്‍ക്കെ മറികടന്നു.

അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടേയും കെ എല്‍ രാഹുലിന്റേയും പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. വിരാട് കോഹ്ലി 85 റണ്‍സെടുത്തപ്പോള്‍ കെ എല്‍ രാഹുല്‍ 97 റണ്‍സുമായി പുറത്താകാതെ നിന്നു.

താരതമ്യേന ദുര്‍ബല ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അപ്രതീക്ഷിത തകര്‍ച്ചെയയാണ് നേരിട്ടത്. സ്‌കോര്‍ ബോര്‍ഡില്‍ വെറും രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹിത് ശര്‍മ്മ, ഇഷന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന കോഹ്ലിയും – രാഹുലും ക്ഷമയോടെ ഓസീസ് ബൗളര്‍മാരെ നേരിട്ടു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 165 റണ്‍സ് ആണ് കൂട്ടിച്ചേര്‍ത്തത്.

ഓസ്ട്രേലിയയുടെ ആറ് വിക്കറ്റുകളും വീഴ്ത്തിയത് സ്പിന്നര്‍മാരാണ്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റെടുത്തു. അശ്വിന്‍ ഒരു വിക്കറ്റും നേടി. ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയുടെ അടുത്ത മൽസരം പാകിസ്ഥാനോടാണ്. 14 ന് ആണ് കളി. ഇരു ടീമുകളും ഓരോ മൽസരം വിജയിച്ചിട്ടുണ്ട്.