എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി; ഗ്രൗണ്ടിൽ ഉന്തുംതള്ളും, ചുവപ്പുകാർഡ്

മുംബൈ : ത്രില്ലർ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ എവേ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്.

മുന്‍ ബ്ലാസ്‌റ്റേഴ്‌സ്താരം ജോര്‍ജെ പെരേര ഡയസ്, ലാലാംഗ്മാവിയ റാല്‍റ്റെ എന്നിവരാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. ഡാനിഷ് ഫാറൂഖിന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഏക ഗോള്‍. സീസണില്‍ മഞ്ഞപ്പടയുടെ ആദ്യ തോല്‍വിയാണിത്. മുംബൈയുടെ രണ്ടാം ജയവും. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് വീണു. മുംബൈ രണ്ടാമതെത്തി. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയമുള്ള ബ്ലാസ്‌റ്റേഴ്‌സ് ആറ് പോയിന്റുണ്ട്. രണ്ട് ജയവും ഒരു സമനിലയുമുള്ള മുംബൈ രണ്ടാമതാണ്.

മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ മുൻ‍തൂക്കം മുംബൈയ്ക്കായിരുന്നു. എന്നാൽ ആദ്യ ഗോൾ ശ്രമം എത്തിയത് ബ്ലാസ്റ്റേഴ്സ് വക. ഹോം ഗ്രൗണ്ടായിട്ടു പോലും സ്റ്റേഡിയത്തിൽ മുംബൈ ആരാധകരെക്കാൾ വളരെയേറെ കൂടുതലായിരുന്നു മഞ്ഞപ്പടയുടെ ആവേശം.

അധികസമയത്ത് മുംബൈ ലക്ഷ്യം കണ്ടു. ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്ത് ഹോർഹെ പെരേര നടത്തിയ നീക്കത്തിൽ പന്തു പിടിച്ചെടുക്കാൻ സച്ചിനു സാധിച്ചില്ല. പന്തു തടയുന്നതിൽ പ്രതിരോധ താരങ്ങളും പരാജയപ്പെട്ടു. ഇതോടെ ആദ്യ പകുതിയിൽ മുംബൈ ഒരു ഗോളിന് മുന്നിൽ. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കി. സ്കോർ 1–1. എന്നാല്‍ 66–ാം മിനിറ്റിൽ ഇന്ത്യൻ താരം അപൂയയുടെ ഗോളിലൂടെ മുംബൈ വീണ്ടും മുന്നിലെത്തി.

ഇരു ടീമിലെയും താരങ്ങൾ തമ്മിൽ പലവട്ടം ഗ്രൗണ്ടിൽ ഉന്തുംതള്ളുമുണ്ടായി. ബ്ലാസ്റ്റേഴ്സിന്റെ മിലോസ് ഡ്രിങ്കിച്ചും മുംബൈയുടെ യോല്‍ വാൻ നിഫും ചുവപ്പുകാർഡ് കണ്ടു പുറത്തുപോയി. അവസാന മിനിറ്റുവരെ മറുപടി ഗോളിനായി ബ്ലാസ്റ്റേഴ്സ് പരിശ്രമിച്ചെങ്കിലും, മത്സരത്തിൽ നാലാമതൊരു ഗോൾ പിറന്നില്ല.