മുഖ്യമന്ത്രിക്കും സംഘത്തിനും കേന്ദ്രാനുമതി കിട്ടിയില്ല; സൗദി ലോക കേരളസഭാ സമ്മേളനം അനിശ്ചിത്വത്തില്‍

തിരുവനന്തപുരം: ഈ മാസം 19, 20, 21 തിയ്യതികളിലാണ് സൗദി അറേബ്യയില്‍ ലോക കേരള സഭ മേഖലാ സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാൽ ലോക കേരള സഭ മേഖലാ സമ്മേളനം അനിശ്ചിത്വത്തില്‍ ആയെന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്രത്തിന്റെ മൗനം ഒരുക്കങ്ങള്‍ക്ക് തടസമാവുന്നു. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് വിദേശയാത്രക്ക് ഇതുവരെ കേന്ദ്ര അനുമതി ലഭിക്കാത്തതാണ് കാരണം.

അമേരിക്കയില്‍ കഴിഞ്ഞ തവണ ലോക കേരളസഭനടന്നപ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒരു മാസം മുമ്പു തന്നെ കേന്ദ്രം പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. ജിദ്ദയിലും റിയാദിലും ദമാമിലുമായി നടത്താനിരുന്ന സമ്മേളനത്തിന്റെ യാത്രയ്ക്കും പ്രചാരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ 2 കോടി രൂപ അനുവദിച്ച് ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് പ്രചാരണങ്ങൾക്കായി കോടികളുടെ ധൂർത്ത് എന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയായിരുന്നു തുക അനുവദിച്ചത്.

മുഖ്യമന്ത്രിയും അഞ്ചു മന്ത്രിമാരും ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി ഇതുവരെ ലഭ്യമായിട്ടില്ല. ലോക കേരളാസഭയുടെ ലണ്ടന്‍ സമ്മേളനത്തില്‍ തന്നെ സൗദി അറേബ്യയിലെ മേഖലാ സമ്മേളനവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് കേന്ദ്രം ഇതുവരെ വിദേശയാത്രക്ക് അനുമതി നല്‍കിയിട്ടില്ല. രാഷ്ട്രീയാനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്.

സൗദിയിലെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ നല്‍കിയിരുന്നു. ലോകകേരള സഭയില്‍ പങ്കെടുക്കാന്‍ സൗദിയിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി പരസ്യമായി അറിയിക്കുകയും ചെയ്തിരുന്നു. ലോകകേരള സഭയ്ക്കും സ്വീകരണ സമ്മേളനങ്ങള്‍ക്കും പുറമേ പ്രവാസി ബിസിനസ് മീറ്റ് നടത്താനും ഉദ്ദേശിച്ചിരുന്നു.

19ന് റിയാദില്‍ ഉദ്ഘാടന സമ്മേളനവും ദമാം, ജിദ്ദ എന്നിവിടങ്ങളില്‍ മേഖലാ സമ്മേളനങ്ങളും നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും അഞ്ചു മന്ത്രിമാര്‍ക്കും രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഗംഭീര സ്വീകരണം നല്‍കാന്‍ ഇടത് അനുകൂല പ്രവാസി സംഘടനകള്‍ തയ്യാറെടുത്തിരുന്നു. ഇവര്‍ക്കു പുറമേ സ്പീക്കര്‍ എ.എന്‍ ഷംസീര്‍, ലോക കേരളസഭ ഡയറക്ടര്‍ വി വാസുകി, നോര്‍ക്ക സെക്രട്ടറി സുമന്‍ ബില്ല, സിഇഒ കെ ഹരികൃഷ്ണന്‍ എന്നിവരും സൗദിയിലെത്തിയേക്കും.

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചശേഷം സൗദിയിലെ മേഖലാസമ്മേളത്തിന്റെ പുതുക്കിയ തീയതി പ്രഖ്യാപിക്കും. മെയ് മാസത്തില്‍ യുഎഇയിലെ അബുദാബിയില്‍ നടന്ന നിക്ഷേപസംഗമത്തില്‍ പങ്കെടുക്കുന്നതിനും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേന്ദ്രം അനുമതി നല്‍കിയിരുന്നില്ല.