ഇസ്രായേല്‍-ഹമാസ് പോരാട്ടം രണ്ടാം ദിവസവും രൂക്ഷമായി തുടരുന്നു; ഇരുഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1200 കവിഞ്ഞു

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഗാസയില്‍ 550 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ ആക്രമണത്തില്‍ 650 ഓളം ഇസ്രായേലികൾ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഹമാസുമായുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ട 18 സൈനികരുടെ പട്ടിക പുറത്ത് വിട്ടു. ഹമാസ് ആക്രമണത്തെ തുടര്‍ന്നുള്ള സങ്കീര്‍ണ്ണമായ സാഹചര്യം നേരിടാന്‍ അടിയന്തര ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയെക്കുറിച്ച് ഇസ്രായേല്‍ ഉന്നത നേതാക്കള്‍ ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഗാസാ മുനമ്പിലെ ഹമാസിന്റെ മൂന്ന് കമാന്‍ഡ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ വിവരം ഇസ്രായേല്‍ സൈന്യം എക്‌സിലൂടെ പങ്കുവച്ചു. ഇതിനിടെ ഗാസയിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തി വയ്ക്കാന്‍ ഇസ്രായേല്‍ വൈദ്യുതി കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗാസയോട് ചേര്‍ന്ന ദരജില്‍ നിന്നും പെട്ടെന്ന് ഒഴിഞ്ഞു പോകാന്‍ പ്രദേശവാസികളോട് പ്രസ്താവനയിലൂടെ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഈജിപ്തിലെ അലക്‌സാന്‍ഡ്രിയയില്‍ രണ്ട് ഇസ്രായേലി വിനോദസഞ്ചാരികളെ വെടിവെച്ചു കൊലപ്പെടുത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഈജിപ്ഷ്യന്‍ ഗൈഡും കൊല്ലപ്പെട്ടു. ഇതിനിടെ ഹമാസ് ബന്ധികളാക്കിയ ഇസ്രായേലികളെ മോചിപ്പിക്കാനുള്ള നീക്കങ്ങളും ഇസ്രായേല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.