മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞു; ബിഹാർ പോലീസിനെതിരെ ജനരോഷം

അപകടത്തിൽ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ്‌ ബിഹാർ പോലീസ്. രക്തം വാർന്ന് കിടന്ന മൃതദേഹം പോലീസ് ഉദ്യോഗസ്ഥർ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തിൽ വലിയ ജനരോഷം ശക്തമായതിനെതുടർന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായി.

സംഭവം ഒരു വഴിയാത്രക്കാരൻ മൊബൈലിൽ പകർത്തി. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചു. ഒരാളുടെ രക്തത്തിൽ കുളിച്ച മൃതദേഹം രണ്ടു പോലീസുകാർ ചേർന്ന് വലിച്ചിഴച്ച് കൊണ്ടുവരുന്നതും മൂന്നു പോലീസുകാർ ചേർന്ന് മൃതദേഹം കനാലിലേക്കെറിയുന്നതും വീഡിയോയിൽ കാണാം. ഫകുലിയിലെ ധോനി കനാൽ പാലത്തിൽ നിന്നാണ് മൃതദേഹം വലിച്ചെറിഞ്ഞത്. സംഭവത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. പ്രായമായ ഒരാൾ ട്രക്കിടിച്ചു മരിച്ചിരുന്നെന്നും മൃതദേഹത്തിന്റെയും വസ്ത്രത്തിന്റെയും ചില ഭാഗങ്ങൾ റോഡിൽ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിനയക്കാൻ സാധിക്കുന്ന തരത്തിലായിരുന്നില്ല ആ ഭാഗങ്ങളെന്നും അതിനാലാണ് അവശിഷ്ടങ്ങൾ കനാലിലേക്കെറിഞ്ഞതെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം. എന്നാൽ‌ ദൃശ്യങ്ങൾ പ്രചരിച്ചതോടെ കനാലിലെറിഞ്ഞ ഭാഗങ്ങളും വീണ്ടെടുത്ത് പോലീസ് പോസ്റ്റ് മോർട്ടത്തിനയച്ചു.