നവംബര്‍ ഏഴിന് മിസോറാമിലും 17ന് മധ്യപ്രദേശിലും വോട്ടെടുപ്പ്; അഞ്ചിടത്ത് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മിസോറാമില്‍ നവംബര്‍ ഏഴിനാണ് വോട്ടെടുപ്പ് നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.

ഛത്തിസ്ഗഡില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. നവംബര്‍ ഏഴിനും 17നുമായാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക. മധ്യപ്രദേശില്‍ നവംബര്‍ 17ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. നവംബര്‍ 23ന് രാജസ്ഥാനിലും 30ന് തെലുങ്കാനയിലും വോട്ടെടുപ്പ് നടക്കും.വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന്.

അഞ്ച് സംസ്ഥാനങ്ങളിലായി 8.2 കോടി പുരുഷ വോട്ടര്‍മാരാണ് പോളിംഗ് ബുത്തിലെത്തുക. അഞ്ച് സംസ്ഥാനങ്ങളിലെ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം 7.8 കോടിയാണ്. 60.2 ലക്ഷമാണ് കന്നി വോട്ടര്‍മാരുടെ എണ്ണം.

ആകെ 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. 1.01 ലക്ഷം സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുമെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവനകളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കണം. വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും അദ്ദേഹം അറിയിച്ചു.