‘അഞ്ചിടത്തങ്കം’: ആശങ്കയിൽ ബി ജെ പി; ആത്മവിശ്വാസത്തോടെ ‘ഇന്ത്യാ’ മുന്നണിയും കോൺഗ്രസും;

ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ തെലുങ്കാന, ഛത്തീസ്ഗഡ്, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ലോകസഭ തെരഞ്ഞെടുപ്പിന് മുൻപേയുള്ള സെമിഫൈനൽ ആയിട്ടാണ് 5 സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.

 നിലവിൽ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് സർക്കാരാണ് ഭരണത്തിലുള്ളത്. മധ്യപ്രദേശിൽ ബിജെപിയും തെലുങ്കാനയിൽ ബിആർഎസ് മിസോറാമിൽ മിസോ നാഷണൽ ഫ്രണ്ടുമാണ് ഭരണത്തിലുള്ളത്. മിസോറാമിൽ നവംബർ 7നാണ് തെരഞ്ഞെടുപ്പ്. രാജസ്ഥാൻ -നവംബർ 23, തെലങ്കാന- നവംബർ 30, മധ്യപ്രദേശ്-നവംബർ 17, ഛത്തീസ്ഗഡ്-നവംബർ 7,17 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികൾ. എല്ലായിടത്തേയും വോട്ടെണ്ണൽ ഡിസംബർ 3ന് നടക്കും.

പ്രതിപക്ഷസഖ്യമായ ഇന്ത്യ മുന്നണിയുടെ ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷണശാല കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. രാജ്യം മുഴുവൻ ജാതി സെൻസസ് നടപ്പാക്കണമെന്നാണ് മുന്നണിയുടെ പ്രധാന ആവശ്യം. ബീഹാറിൽ ജാതി സെൻസസ് വിവരങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ രാജസ്ഥാനിലും കോൺഗ്രസ് സർക്കാർ ജാതി സെന്‍സസ് നടപ്പാക്കുന്നതിന് കഴിഞ്ഞദിവസം ഉത്തരവ് പുറത്തിറക്കി. കോൺഗ്രസ്‌ ഭരണത്തിലേറിയാൽ ഛത്തീസ്ഗഡിൽ ജാതി സെൻസസ് നടത്തുമെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് റാലിയിൽ പ്രഖ്യാപിച്ചിരുന്നു. ഒബിസി പിന്നോക്ക വോട്ടുകൾ ഗതിനിർണയിക്കുന്ന ഹിന്ദി ഹൃദയഭൂമിയിൽ 2024ലെ ലോകസഭ തെരഞ്ഞെടുപ്പിനുള്ള സെമി ഫൈനൽ പോരാട്ടമായാണ് ഈ തെരഞ്ഞെടുപ്പിനെ നിരീക്ഷകർ കാണുന്നത്.

രാജസ്ഥാനിൽ ജനക്ഷേമ പദ്ധതികളിലൂടെ ഭരണവിരുദ്ധ വികാരം മറികടക്കാൻ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിലാണ് അശോക് ഗഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം, മോദി-അമിത്ഷാ നേതൃത്വവുമായി പരസ്യമായി ഭിന്നതയിലുള്ള രാജസ്ഥാനിലെ ബിജെപിയുടെ മുഖവും മുൻ മുഖ്യമന്ത്രിയുമായ വസുന്ദരരാജ സിന്ധ്യയെ മാറ്റിനിർത്തിയുള്ള ബിജെപിയുടെ യോഗങ്ങൾ തെരഞ്ഞെടുപ്പ് മുൻപേ തന്നെ സംസ്ഥാനത്ത് ബിജെപി അണികൾക്കിടയിൽ മുറുമുറുപ്പ് സൃഷ്ടിച്ചിട്ടുണ്ട്. മിസോ നാഷണൽ ഫ്രണ്ട് ഭരണത്തിലുള്ള മിസോറാമിൽ പ്രതിപക്ഷത്തുള്ള കോൺഗ്രസ് തിരിച്ചുവരവിന് ശ്രമിക്കുകയാണ്. മണിപ്പൂരിലെ സ്ഥിതിഗതികൾ മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിലും കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് നിരീക്ഷണം. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് സംസ്ഥാനത്ത് കാര്യമായ സ്വാധീനമില്ല.

അഭിപ്രായ സർവേകളിൽ രാജസ്ഥാനിലും കോൺഗ്രസ് ഭരണത്തിലുള്ള ഛത്തീസ്ഗഡിലും തുടർഭരണം പ്രവചിക്കുമ്പോൾ തെലുങ്കാനയിൽ ബിആർഎസുമായി നേരിട്ട് ഏറ്റുമുട്ടുന്ന കോൺഗ്രസ് 67 സീറ്റുമായി ഭരണത്തിലേറുമെന്നുമാണ് റിപ്പോർട്ട്.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പോലും പ്രഖ്യാപിക്കാതെയാണ് ബിജെപി മധ്യപ്രദേശിൽ തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. കഴിഞ്ഞതവണ ഭൂരിപക്ഷം ലഭിച്ചിട്ടും ഓപ്പറേഷൻ താമരയിലൂടെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറിയ ബിജെപി ശക്തമായ ഭരണവിരുദ്ധ വികാരമാണ് നേരിടുന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ മാറ്റിനിർത്തുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.കഴിഞ്ഞ തവണ നഷ്ടമായ ഭരണം കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് തിരികെ പിടിക്കുമെന്നും കോൺഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.