ആരോഗ്യവകുപ്പിലെ കൈക്കൂലി; മലക്കംമറിഞ്ഞ് പരാതിക്കാരന്‍ ഹരിദാസന്‍

നിയമനക്കോഴ വിവാദത്തിലെ പരാതിക്കാരനായ ഹരിദാസന്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ഹാജരായി. നേരത്തെ ഉറച്ചുനിന്ന ആരോപണങ്ങളില്‍ നിന്ന് പരാതിക്കാരന്‍ പിന്നോട്ട് പോയിരിക്കുകയാണ്.

ആര്‍ക്കാണ് കൈക്കൂലി കൊടുത്തതെന്ന് ഓര്‍ക്കുന്നില്ലെന്നും എവിടെവെച്ചാണ് പണം കൈമാറിയതെന്ന് പറയാനാകില്ലെന്നുമാണ് ഇപ്പോള്‍ ഹരിദാസന്റെ നിലപാട്. ഇദ്ദേഹത്തെ സെക്രട്ടേറിയറ്റ് അനക്‌സ് പരിസരത്ത് എത്തിച്ച് തെളിവെടുക്കാന്‍ സാധ്യതയുണ്ട്.

ഹരിദാസന്‍ ആരോപിച്ച ചില കാര്യങ്ങള്‍ വ്യാജമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രില്‍ പത്തിന് ഉച്ചയ്ക്ക് രണ്ടിന് സെക്രട്ടറിയേറ്റിന് മുന്നിലെ ഓട്ടോ സ്റ്റാന്‍ഡില്‍വച്ച് ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ കൈമാറിയെന്നായിരുന്നു പ്രധാന ആരോപണം.

എന്നാല്‍ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് ഇത്തരത്തില്‍ ഒരു കാര്യം നടന്നതായി പോലീസ് കണ്ടെത്തിയിട്ടില്ല. സെക്രട്ടറിയേറ്റിന് മുന്നില്‍ കോഴ കൈമാറിയെന്ന മൊഴിയില്‍ ഹരിദാസന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുണ്ടോ എന്ന് പോലീസ് പരിശോധിക്കും.

ഹരിദാസിന്റെ സുഹൃത്തും എഐഎസ്എഫ് മുന്‍ നേതാവുമായ കെ.പി.ബാസിത്തിനും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ബാസിത്തിനോടും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.