‘രാജ്യത്തിന്റെ നന്മയ്ക്ക് ജാതി സെന്‍സസ് അനിവാര്യം’: രാഹുല്‍ ഗാന്ധി; ജാതി സെന്‍സസുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും

ന്യൂഡൽഹി: രാജ്യവ്യാപകമായി ജാതി സെന്‍സസുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് രാഹുല്‍ ഗാന്ധി എംപി. ഇക്കാര്യത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രമേയം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചതായും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ സെൻസസ് നടപ്പാക്കാനാണ് ആലോചന. തീരുമാനം പുരോഗമനപരമായ ഒരു കാഴ്ചപ്പാടാണെന്ന് കരുതുന്നു.

രാജ്യത്തിന്റെ നന്മയ്ക്ക് ജാതി സെന്‍സസ് അനിവാര്യമാണ്. എന്നാൽ സെൻസസ് പ്രാവർത്തികമാക്കാൻ പ്രധാനമന്ത്രിക്ക് കഴിവില്ല. കോണ്‍ഗ്രസിന്റെ നാല് മുഖ്യമന്ത്രിമാരില്‍ മൂന്ന് പേരും ഒബിസി വിഭാഗത്തില്‍ നിന്നാണ്. എന്നാൽ 10 ബിജെപി മുഖ്യമന്ത്രിമാരിൽ ഒരു മുഖ്യമന്ത്രി മാത്രമാണ് ഒബിസി വിഭാഗത്തിൽ നിന്നുള്ളതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ജാതി സെൻസസിൽ കോൺഗ്രസിന്റെ നിലപാട് വ്യക്തമാണെങ്കിലും പ്രതിപക്ഷ സഖ്യമായ ഇൻഡ്യയ്ക്കുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു .