കട്ടപ്പന: അനാവശ്യമായി പിഴ ഈടാക്കുന്നെന്ന് ആരോപിച്ച് വനിതാ ട്രാഫിക് എസ്.ഐ.ക്കെതിരേ കാര്‍ട്ടൂണ്‍ വരച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു കേസെടുത്തു. കാര്‍ട്ടൂണിസ്റ്റ് സജിദാസ് മോഹനെതിരെയാണ് കട്ടപ്പന പോലീസ് കേസെടുത്തത്. സജി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണില്‍ അശ്ലീല കമന്റിട്ട അഞ്ചുപേര്‍ക്ക് എതിരെയും കേസുണ്ട്.
കട്ടപ്പന സ്വദേശികളായ ടോമി തോമസ്, ജിബിന്‍ ജോസഫ്, പ്രിന്‍സ് മാത്യു, റിങ്കോ ചാക്കോ, ടോം ജോസഫ് എന്നിവര്‍ക്ക് എതിരെ ആണ് കേസ്. അശ്ലീല കമന്റുകള്‍ ഇട്ടതോടെ വനിത എസ്ഐ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. അടുത്തിടെ ട്രാഫിക് എസ്ഐയായി എത്തിയ ഉദ്യോഗസ്ഥ നഗരത്തില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് അടക്കം വലിയ തോതില്‍ പിഴ ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
നാലുദിവസം മുമ്പ് സജിദാസ് മോഹന്‍ ട്രാഫിക് ബ്ലോക്കില്‍ നിര്‍ത്തിയ തന്റെ വാഹനത്തിന്റെ ചിത്രം ഈ എസ്ഐ പകര്‍ത്തി. പിന്നാലെ പിഴയിട്ടാല്‍ പോലീസ് സ്റ്റേഷന് മുന്‍പില്‍ പ്രതിഷേധിക്കുമെന്നുമുള്ള അടിക്കുറിപ്പോടെ കാര്‍ട്ടൂണ്‍ വരച്ച് പോസ്റ്റ് ചെയ്തു. പോലീസ് ജീപ്പില്‍ നിന്ന് കാമറ ഉപയോഗിച്ച് പടം എടുക്കുന്നതായാണ് കാര്‍ട്ടൂണ്‍, ഇതിനൊപ്പം ഒറ്റ പാവപ്പെട്ടവരെ ഞാന്‍ വെറുതെ വിടില്ലെന്ന എഴുത്തുമുണ്ട്.
സംഭവത്തില്‍ പ്രതികള്‍ക്കെതിരെ സൈബറിടങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസ് അന്വേഷണത്തിന്റെ ഘട്ടത്തില്‍ കാര്‍ട്ടൂണിസ്റ്റിനെ ഒഴിവാക്കുമെന്നാണ് പോലീസിന്റെ വിശദീകരണം.