‘പരാതി പിന്‍വലിച്ചാല്‍ ക്വാറി ഉടമയില്‍ നിന്നും പണം വാങ്ങി നല്‍കാം’; DYFI നേതാവ് വൈശാഖന്‍ വീണ്ടും വിവാദത്തില്‍

തൃശ്ശൂർ: അച്ചടക്ക നടപടി നേരിടുന്ന ഡിവൈഎഫ്‌ഐ നേതാവ് എന്‍ വി വൈശാഖന്‍ വീണ്ടും വിവാദത്തില്‍. തൃശ്ശൂര്‍ വെള്ളികുളങ്ങരയിലെ ക്വാറിക്കെതിരെ പരാതി നല്‍കിയയാള്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്ത്. പരാതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ അജിത് കൊടകരക്കാണ് പണം വാഗ്ദാനം ചെയ്തത്. ഒന്നര വര്‍ഷം മുന്‍പുള്ള വീഡിയോയാണ് പുറത്ത് വന്നത്.

വൈശാഖൻ ക്വാറിക്കെതിരെ പരാതി നല്‍കിയയാള്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന വീഡിയോ

പരാതി പിന്‍വലിച്ചാല്‍ ക്വാറി ഉടമയില്‍ നിന്നും പണം വാങ്ങി നല്‍കാമെന്ന് വൈശാഖന്‍ പറയുന്നതാണ് വീഡിയോ. ക്വാറിക്കെതിരെ തനിക്കുള്ള പരാതി അജിത് പറയുമ്പോള്‍, അതൊക്കെ എന്തെങ്കിലുമാവട്ടേയെന്നും നീ എന്താണ് ഉദ്ദേശിക്കുന്നതെന്നും വൈശാഖന്‍ ചോദിക്കുന്നു. താന്‍ ഒന്നും ഉദ്ദേശിക്കുന്നില്ലെന്ന് പരാതിക്കാരന്‍ വ്യക്തമാക്കുമ്പോള്‍, നീ പൈസയുടെ കാര്യം പറയൂ എന്ന് വൈശാഖന്‍ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ ഒരു അഭിഭാഷകന്‍ എന്ന നിലയ്ക്കാണ് സംഭവത്തില്‍ ഇടപെട്ടതെന്നാണ് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വൈശാഖന്റെ വിശദീകരണം.