വിവിധ രാജ്യങ്ങളിലെ 130 ലേറെ പേർ ഹമാസിന്റെ ബന്ദികൾ; വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ ഓരോരുത്തരെ പരസ്യമായി കൊല്ലും

ഇസ്രായേലുമായുള്ള യുദ്ധത്തിനിടെ പരസ്യ വെല്ലുവിളിയുമായി ഹമാസ് വീണ്ടും രംഗത്ത്. ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ തങ്ങൾ ബന്ദികളാക്കിയിട്ടുള്ള ഓരോരുത്തരെയായി പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്‍റെ വെല്ലുവിളി. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വിവിധ ലോകരാജ്യങ്ങളിൽ നിന്നായി 130 ലേറെ പോരാണ് ഹമാസിന്‍റെ പിടിയിൽ ബന്ദികളായുള്ളതെന്നാണ് വ്യക്തമാകുന്നത്.

 വിദേശികൾ അടക്കം നൂറു പേർ ഹമാസിന്റെ ബന്ദികളാണ്. മുപ്പതിലേറെ പേർ ഇസ്‌ലാമിക് ജിഹാദിന്റെ പിടിയിലാണ്. സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരും അടക്കമുള്ളവർ ബന്ദികളുടെ കൂട്ടത്തിലുണ്ട്. ഈ ബന്ദികളെ എങ്ങനെ ജീവനോടെ മോചിപ്പിക്കാനാകും എന്ന ചർച്ചകൾ നടക്കുന്നതിനിടെയിലാണ് വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ ഓരോരുത്തരെ ആയി പരസ്യമായി കൊല്ലുമെന്ന ഹമാസിന്‍റെ വെല്ലുവിളി.

ഇസ്രയേൽ – ഹമാസ് പോരാട്ടം കനക്കുന്നതിനിടെ ഗാസയ്ക്ക് മേൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ച് ഇസ്രയേലി പ്രതിരോധ വകുപ്പ്. ഇതോടെ 23 ലക്ഷം ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയിലേക്കുള്ള വൈദ്യുതി, ഭക്ഷണം, വെള്ളം, ഗ്യാസ് എന്നിവയുടെ വിതരണം നിലയ്ക്കും. ഗാസയ്ക്ക് മേല്‍ കനത്ത വ്യോമാക്രമണം നടത്തുന്നിതിടെയാണ് ഇസ്രയേല്‍ നിലപാടുകള്‍ കടുപ്പിക്കുന്നത്. 

“ഗാസയെ പൂർണമായും ഉപരോധിക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്. ഞങ്ങൾ ക്രൂരന്മാരോട് പോരാടുകയാണ്. അതനുസരിച്ചാകും പ്രതികരണം” ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ശനിയാഴ്ച തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ എഴുനൂറിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ 493 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ഗാസയ്ക്ക് ചുറ്റുമുള്ള എല്ലാ കമ്മ്യൂണിറ്റികളുടെയും നിയന്ത്രണം ഇസ്രയേൽ തിരിച്ചുപിടിച്ചതായി സൈന്യം തിങ്കളാഴ്ച അറിയിച്ചു. എന്നാൽ ഹമാസിന്റെ പ്രവർത്തകർ ഇപ്പോഴും ഇസ്രയേലിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും അതിർത്തികൾ സുരക്ഷിതമാക്കാൻ “പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നു” എന്ന് പ്രതിരോധ സേനയുടെ വക്താവ് പറഞ്ഞു. 

സംഘർഷം കണക്കിലെടുത്ത് അമേരിക്കൻ എയർലൈൻസ്, എയർ ഫ്രാൻസ്, ലുഫ്താൻസ, എമിറേറ്റ്സ്, റയാൻഎയർ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ വിമാനക്കമ്പനികൾ ടെൽ അവീവിലെ ബെൻ ഗുറിയൻ വിമാനത്താവളത്തിലേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.