ജാതി തിരിച്ചുള്ള സെൻസസ് രാജ്യവ്യാപകമായി നടപ്പിലാക്കണം: രാഹുൽ ഗാന്ധി വയനാട് മത്സരിക്കണമെന്നും മുസ്ലീം ലീഗ്

മലപ്പുറം: സാമൂഹ്യ നീതി നടപ്പിലാക്കാൻ ജാതി സെൻസസ് വേണമെന്ന കോൺഗ്രസ് നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. ബിഹാറിലേതു പോലെ ജാതി തിരിച്ചുള്ള സെൻസസ് രാജ്യവ്യാപകമായി നടപ്പിലാക്കണം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പിലാക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തോട് മുസ്ലീംലീഗ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി യോഗമാണ് പിന്തുണ അറിയിച്ചത്. ജാതി സെൻസസ് രാജ്യവ്യാപകമായി നടപ്പിലാക്കണമെന്ന് ദേശീയ രാഷ്ട്രീയകാര്യ സമിതി യോഗം പ്രമേയം പാസാക്കിയതായി ദേശീയ അധ്യക്ഷൻ ഖാദർ മൊയ്ദീൻ പറഞ്ഞു.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട് മത്സരിക്കണമെന്നാണ് മുസ്ലീം ലീഗിന്റെ ആഗ്രഹം. കഴിഞ്ഞ തവണ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് രാഹുൽ ഗാന്ധിയെ വിജയിപ്പിച്ചതെന്ന് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതോടെ രാഹുൽ വയനാട് മൽസരിക്കണമെന്ന ലീഗിന്റെ ആഗ്രഹമാണ് പുറത്തുവന്നത്. തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ആണെന്നും ലീഗ് നേതാക്കൾ പറഞ്ഞു. 

പലസ്തീൻ വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നയത്തിന് ഒപ്പമല്ല മുസ്ലിം ലീഗ്. പലസ്തീനിൽ ഖുദ്സ് (അൽ അഖ്സാ പള്ളി ഇരിക്കുന്ന സ്ഥലം) മോചനമാണ് വിഷയമെന്നും അതിനുവേണ്ടിയാണ് പലസ്തീനികൾ പോരാടുന്നതെന്നുമുള്ള സാദിഖലി തങ്ങളുടെ നിലപാടിനൊപ്പമാണ് പാർട്ടി. ഹമാസിന് തീവ്രവാദമുണ്ടെങ്കിൽ അതിനേക്കാൾ വലിയ തീവ്രവാദം ഇസ്രായേലിനുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. പലസ്തീൻ വിഷയത്തിൽ മുസ്ലീം ലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി പ്രമേയം പാസ്സാക്കി.

5 സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യത്തിന് മുസ്ലിം ലീഗ് പിന്തുണ നൽകും. ഇവിടങ്ങളിൽ എവിടെയും ലീഗ് മൽസര രംഗത്തില്ല. തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മികച്ച വിജയം ഉണ്ടാകുമെന്നും ദേശീയരാഷ്ട്രീയ കാര്യ സമിതി യോഗം വിലയിരുത്തി.