ജാതി സംവരണത്തിനെതിരെ എൻ എസ് എസ്

ചങ്ങനാശ്ശേരി: ജാതി സംവരണാവശ്യത്തിന് പിന്നിൽ രാഷ്ട്രീയ പാർട്ടികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് നായർ സർവീസ് സൊസൈറ്റി. ജാതിസംവരണം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണാണെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ച പ്രീണനനയത്തിന്റെ ഭാഗമാണ് ജാതിസംവരണത്തിന് വേണ്ടിയുള്ള മുറവിളിയെന്നും ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സമന്മാരായി കാണുന്ന സമത്വ സുന്ദരമായ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.

നേരത്തെയും ജാതി സംവരണത്തിനെതിരെ എൻ എസ് എസ് രംഗത്തെത്തിയിരുന്നു. ജാതി സംവരണം അവസാനിപ്പിക്കണമെന്നും സമ്പന്നർ ജാതിയുടെ പേരിൽ ആനുകൂല്യങ്ങൾ അടിച്ചുമാറ്റുകയാണെന്നുമായിരുന്നു അന്ന് ആരോപിച്ചിരുന്നത്. ജാതി സംവരണം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് എൻ എസ് എസ് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു.