‘ചോദിച്ചത് കാര്‍, കിട്ടിയത് സൈക്കിൾ’; ഓൺലൈൻ കാലത്ത് വില്ലേജ് ഓഫീസുകള്‍ക്ക് സർക്കാർ അനുവദിച്ചതാകട്ടെ സൈക്കിള്‍!

തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ ഫീൽഡ് പരിശോധനയ്ക്ക് വാഹനം വേണമെന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ നിരന്തര ആവശ്യത്തിൽ കടുത്ത ഉത്തരവിട്ട് ധനവകുപ്പ്.

ഔദ്യോഗിക യാത്രകൾക്ക് കാർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട സംസ്ഥാനത്തെ വില്ലേജോഫീസ് അധികൃതർക്ക് സർക്കാർ അനുവദിച്ചത് സൈക്കിൾ. സൈക്കിൾ ആവശ്യമുള്ളവർ വെള്ളിയാഴ്ചയ്ക്കകം അറിയിക്കണമെന്ന് നിർദ്ദേശിച്ച് കളക്ടർമാർ തഹസിൽദാർമാർക്ക് കത്തയച്ചുകഴിഞ്ഞു.

വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ വാഹനം വേണമെന്ന ആവശ്യത്തിൽ കുറേക്കാലമായി ചർച്ച തുടങ്ങിയിട്ട്. ആദ്യം കാറുതരാമെന്നു പറഞ്ഞു. പിന്നീട് സ്കൂട്ടറാക്കാമെന്നായി. ഒടുവിൽ മൂന്നോ നാലോ ഓഫീസുകളിലേക്കായി ഒരു വൈദ്യുതി വാഹനമാകാമെന്ന് ധാരണയായി. പക്ഷേ ധനവകുപ്പ് കനിഞ്ഞില്ല. അതാണിപ്പോൾ സൈക്കിളായി അനുവദിച്ചത്. 

വില്ലേജ് ഓഫീസുകളിലെ എല്ലാ കാര്യങ്ങളും ഓൺലൈനായ കാലത്താണ് അവിടത്തെ ഉദ്യോഗസ്ഥർക്ക് സൈക്കിൾ നൽകുന്നത്. വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർക്ക് പഴയപോലെ വീടുകളിൽപ്പോയി നോട്ടീസ് കൊടുക്കുന്ന പണിയൊന്നും ഇപ്പോഴില്ല. അതേസമയം ഇ-ഡിസ്ട്രിക്ട് വഴി നൽകുന്ന സർട്ടിഫിക്കറ്റുകളെല്ലാം ഫീൽഡിൽപ്പോയി പരിശോധിച്ചുവേണം നൽകാൻ. കെട്ടിടങ്ങളുടെ ഒറ്റത്തവണ നികുതിപിരിവ്, റവന്യൂറിക്കവറി പിരിവ്, വയൽനികത്തൽ പരിശോധന, ഭൂമി കൈയേറ്റ പരിശോധന തുടങ്ങി എല്ലാത്തിനും ഓഫീസർമാരോ മറ്റു ജീവനക്കാരോ ഫീൽഡിൽ പോകണം. ഇതിനൊക്കെ ഇനി സൈക്കിൾ ചവിട്ടിപ്പോണമല്ലോ എന്ന ആശങ്കയിലാണ് അധികൃതർ. 

ഫീൽഡ് പരിശോധനയ്ക്ക് ഇവർക്ക് വാഹനമനുവദിക്കണമെന്ന് ശമ്പളപരിഷ്കരണ കമ്മിഷനും പറഞ്ഞതാണ്. എന്നാൽ ദുഷ്ചെലവുകൾക്ക് കോടികൾ പൊടിച്ച് കളയുന്ന സർക്കാർ വില്ലേജ് ഓഫീസുകളിലെ താഴ്ന്ന ജീവനക്കാരുടെ കാര്യത്തിൽ മുണ്ട് മുറുക്കി പറഞ്ഞു, No.