വിമാനത്തില്‍വെച്ച് മദ്യപാനി അപമര്യാദയായി പെരുമാറി: യുവ നടിയുടെ പരാതി എയര്‍ ഇന്ത്യ അവഗണിച്ചു

കൊച്ചി: മദ്യപിച്ചെത്തിയ ആള്‍ വിമാനത്തില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്ന് ടെലിവിഷൻ – സിനിമാ മേഖലയിലെ യുവ നടിയുടെ പരാതി. എയര്‍ ഇന്ത്യാ വിമാനത്തില്‍ വെച്ചാണ് സംഭവം. യുവ നടി നെടുമ്പാശ്ശേരി പൊലീസില്‍ പരാതി നല്‍കി.
തൃശ്ശൂര്‍ സ്വദേശിയാണ് തന്നോട് മോശമായി പെരുമാറിയതെന്ന സംശയം യുവതി പ്രകടിപ്പിച്ചു. ഇയാളുടെ സുഹൃത്തുക്കളും വിമാനത്തില്‍ ഉണ്ടായിരുന്നു. അനുവദിച്ച സീറ്റില്‍ അല്ല അയാള്‍ ഇരുന്നത്. കൊച്ചിയിലെത്തിയപ്പോള്‍ മാപ്പ് പറഞ്ഞുവെന്നും യുവതി പറഞ്ഞു.

എയര്‍ ഇന്ത്യാ ജീവനക്കാർക്കെതിരെയും യുവതി പരാതിയില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. എയര്‍ ഇന്ത്യാ ജീവനക്കാര്‍ മോശമായി പെരുമാറി. പരാതിക്കാരിയുടെ സീറ്റ് മാറ്റി ഇരുത്തിയതല്ലാതെ മറ്റ് നടപടികള്‍ ഒന്നും ഉണ്ടായില്ല. തന്റെ പരാതി അവഗണിക്കുകയാണ് ചെയ്തത്. കൊച്ചിയില്‍ എത്തിയപ്പോഴും പരാതി കേട്ടില്ല. തുടര്‍ന്ന് വിമാനത്താവളത്തിലെ സിആര്‍പിഎഫിനോട് പരാതി പറഞ്ഞുവെന്നും നടി പറയുന്നു.