‘മിക്കിമൗസ്, സൂപ്പർമാൻ, കിംഗ് കോംഗ്’: കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രവുമായി ലഹരി മിഠായികൾ; സ്കൂൾ പരിസരത്ത് സുലഭം

കൊച്ചി : സ്കൂൾ പരിസരത്തെ കടകളിൽ പ്രത്യേക തരത്തിലുള്ള മിഠായികൾക്കും, കോളകൾക്കും വൻ ഡിമാന്റാണെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന് ലഭിച്ച വിവരം. പല രക്ഷിതാക്കളും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. പുളിപ്പുള്ള മിഠായിക്കും മിക്കിമൗസ് ബബിൾഗമ്മിനും കുട്ടികൾക്കിടയിൽ വൻ ഡിമാന്റാണ്. ആൺ-പെൺ ഭേദമില്ലാതെ ഇവ തേടിയെത്തും.

മിക്കിമൗസ്, സൂപ്പർമാൻ മുതൽ കിംഗ് കോംഗ് വരെയുള്ള കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രവുമായെത്തുന്ന മിഠായികൾ വെറും മിഠായികളല്ല, ലഹരി മിഠായികളാണ്. ബബിൾ ഗമ്മുകളും ഇത്തരത്തിൽ ലഭ്യമാണ്. ചെറിയ തോതിൽ ലഹരിയടങ്ങിയ ഈ മിഠായികൾ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള പ്രേരകങ്ങളാണ്. കാർട്ടൂൺ ചിത്രങ്ങൾ കുട്ടികളെ ആകർഷിക്കാനുള്ളതാണ്. സ്ഥിരമായി കഴിച്ചാൽ അടിമയായി മാറ്റുന്നവയാണിവ. 

ഗൊറില്ലയുടെ ചിത്രവുമായി 200 എൽ.എസ്.ഡി സ്റ്റാമ്പുകളും അടുത്തിടെ പിടികൂടിയിരുന്നു. കുട്ടികളെ ലഹരിക്ക് അടിമകളാക്കി തലമുറകളെ നശിപ്പിക്കുന്ന മിഠായികളും ശീതളപാനീയങ്ങളും ബബിൾഗമ്മുകളും സ്കൂൾ പരിസരത്ത് വീണ്ടും വ്യാപകമാകുന്നു എന്നാണ് വിലയിരുത്തൽ. വീര്യം കുറഞ്ഞ രാസലഹരി ഇവയിലുണ്ടെന്നാണ് സംശയം. ഇതിന് തടയിടാൻ സംസ്ഥാനത്തെ വിവിധ സ്കൂൾ പരിസരങ്ങളിലുള്ള 3500 കടകളിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തി. സംശയകരമായ 720 സാമ്പിളുകൾ ലാബിൽ പരിശോധിക്കുകയാണ്.

10 രൂപയ്ക്ക് കിട്ടുന്ന ചുവപ്പ് നിറത്തിലെ ജ്യൂസ് കുട്ടികൾക്കിടയിൽ തരംഗമാണ്. ഗ്ലാസിലൊഴിച്ചാൽ ബിയർ പോലെ നുരഞ്ഞുപൊന്തും. മണത്തിലും രുചിയിലും ബിയർ തന്നെ. സംശയം തോന്നി പൊലീസ് ഇതിന്റെ സാമ്പിൾ ഫോറൻസിക് ലാബിൽ പരിശോധിച്ചപ്പോൾ ആൾക്കഹോളിന്റെ അംശം പൂജ്യമാണ്. പക്ഷേ, ഇതിലെ ലഹരി കുട്ടികളെ വഴിതെറ്റിക്കുന്നതാണ്. നേരിയ തോതിൽ ലഹരിമരുന്ന കലർത്തിയ ഇത്തരം പാനീയങ്ങൾ മയക്കുമരുന്ന് ഉപയോഗത്തിനുള്ള ചവിട്ടുപടിയാണ്. 

‘കൂൾ’ എന്ന പുകയില പായ്ക്കറ്റും സ്കൂളുകൾക്കടുത്ത് രഹസ്യമായി വിൽക്കുന്നുണ്ട്. ചുണ്ടിനും പല്ലിനുമിടയിൽ വച്ച് അല്പം അമർത്തുമ്പോൾ ചുണ്ടിൽ മുറിവുണ്ടായി പുകയിലയിലെ ലഹരി രക്തത്തിൽ കലരും. ചോക്ക് മിഠായി, ക്രിസ്റ്റൽ, പഞ്ചസാര തരി രൂപത്തിലുള്ള പഞ്ചാര മിഠായി, ഡാർക്ക് ചോക്ലേറ്റ് എന്നിങ്ങനെ പേരുകളിലാണ് രാസലഹരി കലർത്തിയ സാധനങ്ങൾ കുട്ടികളിൽ എത്തുന്നത്. നാവിനടിയിൽ വയ്ക്കാവുന്ന സ്റ്റിക്കറുകളുമുണ്ട്. നിറവും മണവുമില്ലാത്ത ഇവ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും കണ്ടെത്താൻ എളുപ്പമല്ല. ഒരുതവണ ഉപയോഗിച്ചാൽ ആജീവനാന്തം അടിമയാക്കി മാറ്റുന്ന, ലാബുകളിൽ നിർമ്മിക്കുന്ന രാസലഹരിക്ക് 12മണിക്കൂർ വരെ തലച്ചോറിനെ മരവിപ്പിക്കാനാവും. രാസലഹരി വാങ്ങി ഉപയോഗിക്കാനുള്ള പണത്തിനായി ക്രിമിനൽ പ്രവർത്തനങ്ങളിലേക്കും ലഹരി വില്പനയിലേക്കും കുട്ടികൾ തിരിയുന്ന അവസ്ഥയുണ്ട്. ജീവനെടുക്കുന്ന ലഹരി

ലോകത്തെ ഏറ്റവും വീര്യമേറിയ എൽ.എസ്.ഡി സ്റ്റാമ്പാണ് കൊച്ചിയിലെ എൻജിനിയറിംഗ് കോളേജിലെ അവസാന വർഷ ബി.ടെക് വിദ്യാർത്ഥിയിൽനിന്ന് പിടിച്ചത്. ‘പാരഡൈസ്- 650’ എന്ന രാസലഹരി 48 മണിക്കൂറിലേറെ തലച്ചോറിനെ മരവിപ്പിക്കുന്നതാണ്. ഉപഭോഗം കൂടിയാൽ മരണം ഉറപ്പ്.