പഞ്ചായത്ത് അസി. സെക്രട്ടറിയെ കാണാനില്ലെന്ന് പരാതി; CPM ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് കത്ത്

പാലക്കാട് : നെന്മാറ പഞ്ചായത്ത് അസി. സെക്രട്ടറിയെ കാണാതായെന്ന് പരാതി. രാവിലെ ഓഫിസിലെത്തിയ എലവഞ്ചേരി സ്വദേശി സുബൈര്‍ അലിയെയാണ് കാണാതായത്. സിപിഎം കൊല്ലങ്കോട് ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് കത്തെഴുതി വച്ചിരുന്നു.

ഇതുസംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി തദ്ദേശസ്വയംഭരണവകുപ്പ് ജോയന്റ് ഡയറക്ടറെ നേരിൽകണ്ട് വിവരങ്ങൾ അറിയിച്ചു. സി.പി.എം. നടത്തുന്ന പ്രതിഷേധപരിപാടിക്ക് പാർക്ക് മൈതാനം ഉപയോഗിക്കുന്നതിന് തുക അടച്ചിട്ടുണ്ടോയെന്ന് ചോദിച്ചതാണ് സി.പി.എം. നേതാക്കളുടെ ഭീഷണിക്കും കാരണമെന്നാണ്‌ ജീവനക്കാർ പറയുന്നത്.

പഞ്ചായത്ത് സെക്രട്ടറിയെയും അസി. സെക്രട്ടറിയെയും സി.പി.എം. നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് ജീവനക്കാർ കറുത്ത മുഖാവരണം അണിഞ്ഞ് പ്രതിഷേധിച്ചു. നെന്മാറ ഗ്രാപ്പഞ്ചായത്തിലെ സെക്രട്ടറി എം.പി. മഹീന്ദ്രൻ, അസി. സെക്രട്ടറി വൈ. സുബൈർ അലി എന്നിവരെ സി.പി.എം. പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ ഭീഷണിപ്പെടുത്തിയതായാണ് പരാതി.

ജോലിക്ക്‌ തടസ്സമാകുന്ന രീതിയിൽ പൊതുജനമധ്യത്തിൽ ജീവനക്കാരെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ജീവനക്കാർ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് ഗ്രാമപ്പഞ്ചായത്തിനു മുന്നിൽ കറുത്ത മുഖാവരണം ധരിച്ച് പ്രതിഷേധിച്ചത്. സി.പി.എം. നേതാക്കൾ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

എന്നാൽ, ഗ്രാമപ്പഞ്ചായത്തിലെ ജീവനക്കാരോട് ശബ്ദമുയർത്തി സംസാരിക്കുക മാത്രമാണ് ചെയ്തതെന്ന് സി.പി.എം. നേതാക്കൾ പറയുന്നു.