ഗാസയിൽ ധനകാര്യ മന്ത്രാലയം തകർത്ത് ഇസ്രയേൽ, ധനമന്ത്രിയെ കൊലപ്പെടുത്തി; യുദ്ധത്തിൽ പ്രതികരിച്ച് പുടിനും മോദിയും; പലസ്തീന് സഹായവുമായി യുഎഇ; ഇരുപത് മില്യണ്‍ ഡോളറിന്റെ സഹായം കൈമാറും

ഇസ്രയേൽ – ഹമാസ് യുദ്ധം നാലാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. ഗാസയിലെ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഹമാസ് ഭരണത്തിലുള്ള ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ധനകാര്യ മന്ത്രാലയവും ബാങ്കും തകർത്തു. ഇതിനൊപ്പം ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ ധനമന്ത്രി കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംലയാണ് കൊല്ലപ്പെട്ടത്. ഹമാസ് ഭരണത്തിലുള്ള പ്രദേശമാണ് ഗാസ.

അതേസമയം ഹമാസിന്‍റെ അതിർത്തി കടന്നുള്ള ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. 1008 പേർ ഇതിനകം കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് പരിക്കേറ്റെന്നുമാണ് വിവരം. രാജ്യത്തിന് ഉള്ളിലേക്ക് കടന്നുകയറിയ ഹമാസ് സംഘത്തിലെ 1500 പേരെ ഇതുവരെ വധിച്ചുവെന്നാണ് ഇസ്രയേൽ പറയുന്നത്.

ഇസ്രയേൽ – ഹമാസ് സംഘ‍ർത്തിൽ ഇസ്രയേലിനൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോണില്‍ വിളിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനോടാണ് പ്രധാനമന്ത്രി മോദി ഇക്കാര്യം പറഞ്ഞത്. എല്ലാത്തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി എതിര്‍ക്കുന്നു.

ആക്രമണത്തെ യുഎസ് പ്രസിഡന്റ് ജോബൈഡൻ അപലപിച്ചു. 14 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടെന്ന് ബൈഡൻ വ്യക്തമാക്കി. അതിനിടെ ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമർ പുടിനും രംഗത്തെത്തി.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു -പ്രധാനമന്ത്രി നരേന്ദ്രമോദി

ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ച ഇസ്രയേൽ ഹമാസിന്റെ ഭരണ ആസ്ഥാനമടക്കം ബോംബിട്ട് തകർത്തിരുന്നു. ബന്ദികളായിക്കയവരുടെ കാര്യത്തിൽ വ്യോമാക്രമണം നിർത്തിയാൽ അവരെ മോചിപ്പിക്കുന്നത് ചർച്ച ചെയ്യാമെന്നായിരുന്നു ഹമാസ് നിലപാട്. ഇത് ഇസ്രയേൽ തള്ളുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

അതിനിടെ പലസ്തീന് സഹായവുമായി യുഎഇ ഭരണകൂടം. 20 മില്യണ്‍ ഡോളറിന്റെ മാനുഷിക സഹായമാകും പലസ്തീന് കൈമാറുക. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പലസ്തീനില്‍ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐക്യരാഷ്ട്ര സഭ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യൂഎ വഴിയാണ് സഹായം എത്തിക്കുക.