ബാറ്റിംഗ് വെടിക്കെട്ട്;’നായകൻ നയിച്ച യുദ്ധം’; ലോകകപ്പിൽ റെക്കോർഡുകൾ തകർത്ത് ഹിറ്റ്മാന്റെ താണ്ഡവം; അഫ്ഗാനെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് രണ്ടാം ജയം

ന്യൂഡൽഹി: ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം. അഫ്ഗാനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിംഗിനെത്തിയ അഫ്ഗാന്റെ 273 റൺസ് വിജയലക്ഷ്യം അനയാസം മറികടന്നു. ക്യാപ്റ്റൻ രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് കൂറ്റൻ ജയം സമ്മാനിച്ചത്. രോഹിത് ശർമയുടെ (84 പന്തിൽ 131) അതിവേഗ സെഞ്ചുറിയുടെ കരുത്തിൽ 35 ഓവറിൽ വിജയം പൂർത്തിയാക്കി.

ഏകദിന ലോകകപ്പിൽ സെഞ്ച്വറി നേടിയതിന് പിന്നാലെ റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ നായകൻ രോഹിത് ശർമ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ സെഞ്ച്വറിയടിച്ചതോടെ നിരവധി റെക്കോർ‍ഡുകളാണ് രോഹിത്ത് പോക്കറ്റിലാക്കിയത്. ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന റെക്കോർഡാണ് ഇന്ന് ഡൽഹിയിൽ പഴങ്കഥയായതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇന്നത്തെ ഇന്നിം​ഗ്സ് ഉൾപ്പെടെ ഏഴ് ലോകകപ്പ് സെഞ്ച്വറികളാണ് ഇന്ത്യൻ നായകന്റെ അക്കൗണ്ടിലുള്ളത്. ഇതോടെ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ആറ് ലോകകപ്പ് സെഞ്ച്വറികളെന്ന റെക്കോർഡാണ് പഴങ്കഥയായി. 45 മത്സരങ്ങളിൽ നിന്നാണ് സച്ചിൻ ആറ് സെഞ്ച്വറികൾ തികച്ചത്. എന്നാൽ 19 ഏകദിന ഇന്നിങ്‌സുകളിൽ നിന്നുമാണ് രോഹിത് ഏഴ് സെഞ്ച്വറികൾ നേടിയത്. 63 പന്തിൽ മൂന്നക്കം തികച്ചതോടെ ലോകകപ്പിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന നേട്ടവും രോഹിത്തിന് സ്വന്തമായി. കപിൽ ദേവിന്റെ 40 വർഷം പഴക്കമുള്ള റെക്കോർഡാണ് അരുൺ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ രോഹിത് ശർമ തകർത്തത്. 1983 ലോകകപ്പിൽ സിംബാബ്‌വേക്കെതിരെ കപിൽ 72 പന്തിൽ സെഞ്ച്വറി തികച്ചിരുന്നു.

ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികക്കുന്ന താരമെന്ന റെക്കോർഡും രോഹിത് സ്വന്തമാക്കി. ഈ റെക്കോർഡിൽ ഓസീസ് താരം ഡേവിഡ് വാർണറിനൊപ്പമാണ് ഹിറ്റ്മാൻ എത്തിയത്. ഇരുവരും 19 ഇന്നിങ്‌സുകളിൽ നിന്നാണ് 1000 റൺസെടുത്തത്. അഫ്ഗാനെതിരെ 25-ആം ഓവറിൽ 131 റൺസ് നേടിയാണ് രോഹിത് ശർമ്മ മടങ്ങിയത്.