അന്ന് പാരവെച്ച പിണറായിയും കൂട്ടരും ഇന്ന് കപ്പലിന്റെ മുകളില്‍; വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടണം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ നിരവധി സർക്കാരുകൾ ശ്രമിച്ചെങ്കിലും ഒരു നടപടിയും ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഉമ്മൻ ചാണ്ടി അധികാരത്തിൽ വന്നതിനുശേഷം നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായത്. ഉമ്മൻ ചാണ്ടിയുടെ നിരന്തരമായ കഠിനാധ്വാനത്തിന്റേയും പരിശ്രമത്തിന്റേയും ഫലമായാണ് 2015-ൽ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം ആരംഭിച്ചത്.

പല തരത്തിൽ വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറി ശ്രമം നടന്നപ്പോഴും ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് ടെൻഡർ നടപടികൾ ദ്രുതഗതിയിൽ ആയത്. തുറമുഖ നിർമാണത്തിനായി ആഗോള ടെൻഡർ ക്ഷണിച്ച വേളയിൽ ടെൻഡർ ഫോറം വാങ്ങിയ കമ്പനികളിൽ ഒന്നുപോലും പങ്കെടുക്കാതിരുന്നിട്ടും സ്വപ്നപദ്ധതി യാഥാർഥ്യമാക്കാനുള്ള തീരുമാനത്തിൽ നിന്ന് ഒരിഞ്ച്പോലും പിന്നോട്ട് പോകാൻ ഉമ്മൻ ചാണ്ടി തയാറായില്ല.

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തിയതോടെ വിഴിഞ്ഞം പദ്ധതി തങ്ങളുടെ ഭരണ നേട്ടം എന്ന അവകാശ വാദവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ഉമ്മന്‍ ചാണ്ടി വിഴിഞ്ഞം പദ്ധതി 2015 ല്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ക്കാന്‍ മുന്നില്‍ നിന്നത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ആയിരുന്നു.

6000 കോടിയുടെ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ നടന്നത് എന്നായിരുന്നു പിണറായിയുടേയും സിപിഎമ്മിന്റേയും ആരോപണം. അഭിപ്രായ വ്യത്യാസത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ആയിരുന്ന പാര്‍ട്ടി സെക്രട്ടറി പിണറായിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും കൈ കോര്‍ത്ത് നിന്ന് ഉമ്മന്‍ ചാണ്ടിക്കെതിരെ പോരാടിയ ഏക സന്ദര്‍ഭമായിരുന്നു വിഴിഞ്ഞം.

2015 ജൂണ്‍ 8 ന് വിഴിഞ്ഞം പദ്ധതിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇ.പി. ജയരാജനും സംഘവും ആഞ്ഞടിച്ചു. അഴിമതി ആലോചന നടന്ന സ്ഥലം ഉള്‍പ്പെടെ ഉന്നയിച്ചായിരുന്നു ഇ.പി ജയരാജന്റെ ആക്രമണം. കെ.വി തോമസിന്റെ ഡല്‍ഹി വസതിയില്‍ ആയിരുന്നു അഴിമതി നടത്തുന്നതിനു വേണ്ടി ആലോചന നടന്നത് എന്നായിരുന്നു ഇ.പി. ജയരാജന്റെ ആരോപണം.

ഇ.പി ജയരാജന്‍ പറഞ്ഞത് ഇങ്ങനെ ‘വിഴിഞ്ഞം പദ്ധതിയുടെ ടെണ്ടര്‍ ഏല്‍പിക്കാന്‍ പോകുന്ന കമ്പനിയുടെ ചെയര്‍മാന്‍ ഗൗതം അദാനിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രണ്ട് കൂടിയാലോചനകള്‍ നടത്തി. കെ.വി തോമസ് എം.പിയുടെ വീട്ടില്‍ നടന്ന ഒന്നാമത്തെ കൂടിയാലോചനയില്‍ ഉമ്മന്‍ ചാണ്ടി, അദാനി, കെ.വി തോമസ് എന്നിവര്‍ പങ്കെടുത്തു. രണ്ടാമത്തെ കൂടികാഴ്ച 2015 മാര്‍ച്ച് 3 ന് ഡല്‍ഹിയില്‍ കെ.വി. തോമസിന്റെ വസതിയില്‍ ചേര്‍ന്നു. ഒരു എം.പിയുടെ വസതിയില്‍ കേരള ഗവണ്‍മെന്റിന്റെ ഔദ്യോഗിക യോഗം ചേരേണ്ട ആവശ്യകതയെന്താണ്? കേരള ഹൗസ് ഗവണ്‍മെന്റിന്റെ ഔദ്യോഗിക യോഗങ്ങള്‍ ചേരുന്നതിനുള്ള ഗവണ്‍മെന്റ് സ്ഥാപനമാണ്. ആ സ്ഥാപനത്തില്‍ യോഗം ചേരാതെ കെ.വി. തോമസിന്റെ വീട്ടില്‍ ഇങ്ങനെ രണ്ട് യോഗങ്ങള്‍ ചേര്‍ന്നത് അഴിമതി നടത്തുന്നതിനു വേണ്ടിയുള്ള ആലോചനയുടെ ഭാഗമല്ലേ?’.

കെ.വി. തോമസിന്റെ വീട്ടില്‍ ഒരു യോഗമാണ് നടന്നതെന്നും ബിഡ്ഡുമായി ബന്ധപെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും കേരളത്തിലെ സാഹചര്യം ബോധ്യപ്പെടുത്താനുള്ള ശ്രമം ആണ് ഉണ്ടായതെന്നും മന്ത്രി കെ. ബാബു മറുപടി പറഞ്ഞു. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ സമയത്ത് അദാനി കണ്ടിരുന്നു എന്നും മന്ത്രി ബാബു വ്യക്തമാക്കി. പത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അദാനി – വി എസ് കൂടികാഴ്ചയുടെ വാര്‍ത്ത മന്ത്രി ബാബു പുറത്ത് വിട്ടതോടെ വി.എസും കൂട്ടരും പ്രതിരോധത്തിലായി.

സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് വിഴിഞ്ഞം പദ്ധതി നടപ്പിലാക്കുമെന്നും അഴിമതി ആരോപണം ഉന്നയിച്ച് ഈ പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. വിഴിഞ്ഞം പദ്ധതിയില്‍ ആരും അഴിമതി നടത്തിയിട്ടില്ലെന്നും രാഷ്ട്രീയ ദുരുപയോഗം നടന്നിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടു പോകാമെന്നും ജസ്റ്റിസ് പി.എന്‍. രാമചന്ദ്രന്‍ കമ്മിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് 2018 ഡിസംബറില്‍ റിപ്പോര്‍ട്ട് കൈമാറിയതോടെ ഉമ്മന്‍ ചാണ്ടിയെ വിഴിഞ്ഞം അഴിമതിയില്‍ കുടുക്കാനുള്ള പിണറായിയുടെ മോഹം അസ്ഥാനത്തായി.

എവിടെയെങ്കിലുമൊരു സംഭവം നടന്നാല്‍ ‘അതു ഞമ്മളാണ്’ എന്നു പറഞ്ഞ് എന്തിനുമേതിനും പിതൃത്വമവകാശപ്പെടുന്ന വൈക്കം മുഹമ്മദ് ബഷിറിന്റെ എട്ടുകാലി മമ്മൂഞ്ഞിനെ പോലെയാണ് വിഴിഞ്ഞം പദ്ധതിയിലെ പിണറായിയുടെ അവകാശ വാദവും. ഇ പി ജയരാജന്‍ വിഴിഞ്ഞം അഴിമതി ഗൂഢാലോചനയില്‍ പങ്കാളിയെന്ന് ആരോപിച്ച കെ.വി. തോമസ് ആകട്ടെ ഇന്ന് പിണറായിയുടെ ഒക്ക ചങ്ങായിയും. ഇനി ഉമ്മൻചാണ്ടിയുടെ പേര് വിഴിഞ്ഞം തുറമുഖത്തിനിടാൻ സർക്കാർ തയ്യാറാകുമോ എന്നാണ് അറിയാനുള്ളത്.