ഓപ്പറേഷൻ അജയ്: ആദ്യ വിമാനം ഇന്ന് രാത്രി; തിരികെയെത്തുന്നത് 230 പേർ

ന്യൂഡൽഹി: ഇസ്രയേൽ -ഹമാസ് യുദ്ധത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്ന ആദ്യ വിമാനം ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് ഇന്ന് രാത്രി പുറപ്പെടും. തിരികെയെത്താൻ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ ഇസ്രായേൽ സ്ഥാപനങ്ങളിലെ ഇന്ത്യൻ വിദ്യാർഥികളും ഉൾപ്പെടുന്നു.

ടെ​ൽ അ​വീ​വി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ചാ​ർ​ട്ടേ​ഡ് വി​മാ​നം സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ച് വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഇ-മെ​യി​ൽ സന്ദേശം ല​ഭി​ച്ചു. ഈ ​വി​മാ​നം ബെ​ൻ ഗു​റി​യോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഇ​ന്ന് പ്രാ​ദേ​ശി​ക​സ​മ​യം രാ​ത്രി ഒ​മ്പ​തി​ന് പു​റ​പ്പെ​ടും. ഇ​ന്ത്യ​ൻ സ​മ​യം ഇ​സ്ര​യേ​ലി​നേ​ക്കാ​ൾ ര​ണ്ട​ര മ​ണി​ക്കൂ​ർ മു​ന്നി​ലാ​ണ്.

ഏ​ക​ദേ​ശം 230 ഇ​ന്ത്യ​ക്കാ​ർ ഇ​ന്ന് രാ​ത്രി വി​മാ​നം ക​യ​റു​മെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​ർ യാ​ത്രാ​ക്കൂ​ലി ന​ൽ​കേ​ണ്ട​തി​ല്ല, അ​വ​രു​ടെ മ​ട​ക്ക​യാ​ത്ര​യു​ടെ ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കും. 23 കി​ലോ​യി​ൽ കൂ​ടാ​ത്ത ഒ​രു ചെ​ക്ക്-​ഇ​ൻ ല​ഗേ​ജും ഒ​രു ക്യാ​ബി​ൻ ല​ഗേ​ജും മാ​ത്ര​മേ അ​നു​വ​ദി​ക്കൂ എ​ന്ന് മെ​യി​ലി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഗാ​സ മേ​ഖ​ല​യി​ൽ പോ​രാ​ട്ടം ശ​ക്ത​മാ​കു​ക​യും മ​ര​ണ​സം​ഖ്യ ഉ​യ​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഓ​പ്പ​റേ​ഷ​ൻ അ​ജ​യ് ആ​രം​ഭി​ച്ച​ത്. ഇ​ന്ത്യ​ക്കാ​രു​ടെ മ​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഡ​ൽ​ഹി​യി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത​ത​ല​യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഇ​സ്ര​യേ​ലി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ യോ​ഗ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ത്തു.

18,000 ഇ​ന്ത്യ​ക്കാ​രെ കൂ​ടാ​തെ, ഗു​ജ​റാ​ത്തി​ല്‍ നി​ന്നും ഇ​സ്ര​യേ​ലി​ലേ​ക്ക് കു​ടി​യേ​റി​യ 60,000ല്‍ ​പ​രം ഇ​ന്ത്യ​ന്‍ വം​ശ​ജ​രും സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. ഇ​വ​രെ​യെ​ല്ലാം തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രിന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ള്ള​തെ​ന്നാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വ്യ​ക്ത​മാ​ക്കു​ന്നത്.