ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25% തുക പിരിച്ചെടുക്കും; സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: ആശ്രിത നിയമനത്തിൽ ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിടിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി നൽകി സർക്കാർ സർവ്വീസിൽ പ്രവേശിച്ചവർക്കാണ് മുന്നറിയിപ്പ്. ജോലിയിൽ പ്രവേശിച്ച ശേഷം വ്യവസ്ഥ ലംഘിക്കുന്ന ജീവനക്കാർക്കെതിരെയാണ് നടപടി. ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിരിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകാൻ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉടൻ ഉത്തരവ് പുറപ്പെടുവിക്കും. ഇങ്ങനെ ജോലിയിൽ കമറിയവർ ആശ്രിതരുടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെങ്കിൽ പ്രസ്തുത ജീവനക്കാരനെതിരെ ആശ്രിതർക്ക് നിയമനാധികാരിക്ക് രേഖാമൂലം പരാതി നൽകാം.

ആശ്രിതരുടെ പരാതിയിൽ ബന്ധപ്പെട്ട തഹസിൽദാർ മുഖേന അന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങിയ ശേഷം അടിസ്ഥാന ശമ്പളത്തിന്റെ 25% പ്രതിമാസം പിടിച്ചെടുത്ത് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. എന്നാൽ ആശ്രിതർക്ക് കുടുംബ പെൻഷൻ അനുകൂല്യമുണ്ടെങ്കിൽ മേൽപറഞ്ഞ സംരക്ഷണത്തിന് അർഹത ഉണ്ടായിരിക്കില്ല.