ഭരണകൂടം ജീവനക്കാരോടും അധ്യാപകരോടും പെൻഷൻകാരോടും ക്ഷമാപണം നടത്തി ബാക്കി ശമ്പളം തിരികെ നൽകണം; അവകാശ നിഷേധത്തിനെതിരെ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കും: സെറ്റോ ചെയർമാൻ ചവറ ജയകുമാർ

തിരുവനന്തപുരം: അറിവ് പകർന്നു നൽകുന്ന അധ്യാപകരെയും സേവനം നൽകുന്ന ജീവനക്കാരെയും നാടിന്റെ പുരോഗതിക്കായി പ്രവർത്തിച്ച് ജീവിത സായാഹ്നത്തിൽ എത്തിനിൽക്കുന്ന പെൻഷൻകാരെയും കബളിപ്പിച്ച് അവരുടെ അധ്വാനത്തിന്റെ പ്രതിഫലം തട്ടിയെടുത്ത സർക്കാർ പണം തിരികെ നൽകി അവരോട് മാപ്പ് പറയണമെന്ന് സെറ്റോ ചെയർമാൻ ചവറകുമാർ ആവശ്യപ്പെട്ടു. 

പതിനൊന്നാം ശമ്പള പരിഷ്ക്കരണത്തിന്റെ 20 മാസത്തെ കുടിശ്ശിക രണ്ടുവർഷം കഴിഞ്ഞ് 2023, 2024 വർഷങ്ങളിൽ നൽകുമെന്ന് ഉത്തരവിറക്കിയിരുന്നു. ഈ ശമ്പളപരിഷ്കരണത്തിൽ തന്നെ വെയിറ്റേജ് നൽകിയില്ല. സർവീസ് വെയ്റ്റേജ് നൽകാതെ ശമ്പളം വൻതോതിൽ വെട്ടിക്കുറച്ചു. ആയിരക്കണക്കിന് രൂപയാണ് ജീവനക്കാർക്ക് നഷ്ടമുണ്ടായത്. ശമ്പള കമ്മീഷൻ നീതിപൂർവ്വമായിട്ടല്ല റിപ്പോർട്ട് സമർപ്പിച്ചത്. മുൻകാലങ്ങളിൽ വിരമിച്ച ജഡ്ജിമാരാണ് ശമ്പള കമ്മീഷൻ ചെയർമാൻമാരായി നിയോഗിക്കപ്പെട്ടിരുന്നത്.

അടിസ്ഥാന ശമ്പളത്തെ 1.38 കൊണ്ട് ഗുണനം നടത്തി തട്ടിക്കൂട്ടിയ ശമ്പളപരിഷ്ക്കരണം ആയിരുന്നു പതിനൊന്നാം ശമ്പളപരിഷ്കരണം. നാലുവർഷമായിട്ടും ബാക്കി തുക നൽകുന്നില്ല. സർക്കാർ ജീവനക്കാരെയും അധ്യാപകരെയും സാമ്പത്തികമായും സാമൂഹികമായും തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത് . നാലുവർഷം മുമ്പ് ചെയ്ത ജോലിയുടെ വേതന ബാക്കി നൽകാത്ത സർക്കാർ നിലപാട് അങ്ങേയറ്റം ജനവിരുദ്ധമാണ്. കേന്ദ്ര ഗവൺമെൻറ് കൃത്യമായി ശമ്പള പരിഷ്ക്കരണം നൽകുന്നു. അതിന്റെ കുടിശ്ശികതുക രൊക്കം പണമായി നൽകുന്നുമുണ്ട്. ക്ഷാമബത്തയും യഥാസമയം നൽകുന്നുണ്ട്. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളും ജീവനക്കാരുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുന്നു . കേരളത്തിൽ മാത്രമാണ് ഇത്തരത്തിലുള്ള തീവെട്ടി കൊള്ള നടക്കുന്നത്. 80,000 ത്തിൽ അധികം പെൻഷൻകാർ കുടിശ്ശിക കിട്ടാതെ മരണത്തിന് കീഴടങ്ങി. സാലറി ചലഞ്ചിന്റെ പേരിൽ നിർബന്ധപൂർവ്വം ശമ്പളം പിടിച്ചെടുക്കാൻ സർക്കാർ തുനിഞ്ഞിറങ്ങിയപ്പോൾ ഹൈക്കോടതി ശമ്പളം സ്വത്താണെന്നും അത് ജീവനക്കാരുടെ സമ്മതമില്ലാതെ പിടിച്ചെടുക്കാൻ കഴിയില്ല എന്നും നിരീക്ഷിച്ചിരുന്നു. നാലുവർഷം മുമ്പുള്ള ശമ്പള ബാക്കി നിഷേധിക്കുന്ന സർക്കാർ പ്രൊവിഡന്റ് ഫണ്ട് വഴി ലോണായിപോലും കുടിശ്ശിക തുക ജീവനക്കാർക്ക് ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുകയാണ്. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും മുപ്പതിനായിരം കോടി രൂപയുടെ സാമ്പത്തിക അനുകൂല്യങ്ങളാണ് പിടിച്ചു വച്ചിരിക്കുന്നത്. ജീവനക്കാരും അധ്യാപകരും പെൻഷൻകാരും ഉൾപ്പെടെ 12 ലക്ഷം കുടുംബങ്ങളെയാണ് സർക്കാർ തെരുവാധാരം ആക്കിയിരിക്കുന്നത്.

അഞ്ചു വർഷങ്ങൾക്കു മുമ്പ് കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്ന ശമ്പള പരിഷ്കരണം വൈകിപ്പിച്ചു എന്ന് മാത്രമല്ല അതിന്റെ അനുകൂല്യങ്ങൾ നാല് തവണകളായി വിതരണം ചെയ്യുമെന്നായിരുന്നു ശമ്പള പരിഷ്ക്കരണ ഉത്തരവിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ചിരുന്നത്. ആ ഉത്തരവ് പ്രകാരം 2023, 2024 വർഷങ്ങളിൽ ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ നാല് തുല്യ ഗഡുക്കളായി ശമ്പള പരിഷ്കരണ കുടിശ്ശിക തുക പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുമെന്നായിരുന്നു ഉത്തരവിറക്കിയത്. എന്നാൽ ഒന്നാം ഗഡു തിരികെ ലഭിക്കും എന്ന് പറഞ്ഞിരുന്ന തീയതിയിൽ പിഎഫ്എൽ നിന്നും തുക പിൻവലിക്കാൻ പോയ ജീവനക്കാർക്ക് ആ തുക സർക്കാർ പി എഫിൽ ലയിപ്പിച്ചിട്ടില്ല എന്ന മറുപടിയാണ് അക്കൗണ്ടൻറ് ജനറൽ ഓഫീസിൽ നിന്നും ലഭിച്ചത് .

ഒരു ഭരണകൂടം എത്രത്തോളം വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നു എന്നുള്ളതിന്റെ തെളിവാണിത്. ഇപ്പോൾ രണ്ടാം ഗഡു ലയിപ്പിക്കാനുള്ള തീയതിയായപ്പോൾ അത് അനന്തമായി നീട്ടുന്ന തരത്തിൽ പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.സർക്കാർ ജീവനക്കാർക്ക് മാത്രമല്ല സർവീസിൽ നിന്നും പെൻഷൻ പറ്റിയവർക്കുള്ള അരിയർ തുകയും ഇതേവരെ നൽകിയിട്ടില്ല. മരുന്നു വാങ്ങാൻ കാശില്ലാതെ ചികിത്സാക്കായി ആശുപത്രിയിൽ പോകാൻ കഴിയാതെ 80,000 ത്തോളം പെൻഷൻകാരാണ് കുടിശ്ശിക കിട്ടാതെ മരിച്ചു വീണത് . അവരുടെ കണ്ണീരു വീണ നനഞ്ഞ ഓർമ്മകളിൽ ഇന്നും അവരുടെ ആശ്രിതർ ദുരിതക്കയങ്ങളിൽ കഴിയുന്നത്. ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശികയിനത്തിൽ മാത്രമല്ല ക്ഷാമബത്ത കുടിശ്ശിക ഇനത്തിലും ഈ സർക്കാർ വഞ്ചനയും നിഷേധാത്മക നിലപാടും തുടരുകയാണ്. വിലക്കയറ്റം സർവ്വ സീമകളും ലംഘിച്ചു ഉയരുന്ന ഈ കാലഘട്ടത്തിൽ 2019 ജൂലൈ മാസത്തിൽ ലഭിക്കേണ്ട ശമ്പളത്തിൽ 2023 അവസാനത്തിലും ജീവിക്കേണ്ട ദയനീയ സാഹചര്യത്തിലാണ് സർക്കാർ ജീവനക്കാർ. മറ്റു യാതൊരു വരുമാനവും ഇല്ലാതെ ശമ്പളം കൊണ്ടുമാത്രം ജീവിക്കുന്ന സർക്കാർ ജീവനക്കാരും അവരുടെ കുടുംബവും ഇന്ന് വലിയ കടക്കണിയിലാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സാ ചെലവിനുമായി ബാങ്കുകളിൽ നിന്നും ലോൺ എടുക്കേണ്ട ഗതികേടിലാണ്. സർക്കാർ ജീവനക്കാർക്ക് ആരോഗ്യ സുരക്ഷാ പദ്ധതി എന്ന പേരിൽ അവതരിപ്പിച്ച മെഡിസെപ്പ് ആകട്ടെ ആവശ്യത്തിന് ആശുപത്രികളും ചികിത്സയും ഇല്ലാതെ ഇഴഞ്ഞ് നീങ്ങുന്ന അവസ്ഥയിലാണ് . പല പ്രമുഖ ആശുപത്രികളും മെഡിസെപ്പിന്റെ ഭാഗമാകാൻ വിസമ്മതിക്കുകയാണ്. അത് മാത്രമല്ല ചികിത്സ നൽകിയതിന്റെ പേരിൽ തുക ലഭിക്കാത്തതുകൊണ്ട് പല ആശുപത്രികളും ഈ പദ്ധതിയിൽ ആൾക്കാരെ ചികിത്സിക്കില്ല എന്ന് പറയുന്ന അവസ്ഥയിലാണ്. ജീവനക്കാരന്റെ പണം കൊണ്ട് നടത്തുന്ന മെഡിസെപ്പ് പദ്ധതി സർക്കാരിന്റെ പദ്ധതിയാണെന്ന് പേരിൽ നടിക്കുന്നവർ ആവശ്യത്തിന് ചികിത്സ ഉറപ്പാക്കാൻ തയ്യാറാവണം. ഈ സാഹചര്യത്തിലും ഭരണപക്ഷ സംഘടനക്കാർ കുറ്റകരമായ മൗനം പാലിക്കുകയാണ്. ജീവനക്കാരുടെ കയ്യിൽ നിന്നും ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതിലും പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കുന്നതിലും ആനന്ദം കണ്ടെത്തുന്നവർ ഇപ്പോൾ കലാകായിക മത്സരങ്ങൾക്ക് ഇറങ്ങി ജീവനക്കാരെ പരിഹസിക്കുന്ന സാഹചര്യമാണ്.

ജീവനക്കാർക്ക് കാലാകാലങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ലീവ് സറണ്ടർ അനുകൂല്യം മരവിപ്പിച്ചിട്ട് നാലു വർഷമായി . അതിൽ പിഎഫിൽ ലയിപ്പിക്കും എന്ന് ഉത്തരവിട്ട അനുകൂല്യങ്ങൾ എന്ന് ലയിപ്പിക്കും എന്നുള്ളതിന് യാതൊരു ഉറപ്പുമില്ല. അക്കൗണ്ടൻറ് ജനറൽ ഓഫീസിനെ പോലും വഞ്ചിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്. എല്ലാത്തിനും കാരണം സാമ്പത്തിക പ്രതിസന്ധി എന്ന് പറയുമ്പോഴും പിൻവാതിൽ വഴി പാർട്ടിക്കാരെയും ബന്ധുക്കളെയും നിയമിക്കുന്നതിൽ ഒരു കുറവും വരുന്നില്ല. സർക്കാർ നിയമസഭയിൽ പറഞ്ഞ കണക്ക് പ്രകാരം തന്നെ ഏകദേശം 3 ലക്ഷത്തോളം പേർ പിൻവാതിൽ വഴി നിയമനം നേടിയിട്ടുണ്ട്. ഇവർക്ക് കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നും ശമ്പളം ഉറപ്പാക്കാൻ സർക്കാർ ആവേശപൂർവ്വം മുന്നിട്ടിറങ്ങുന്നുണ്ട് . പക്ഷേ നിലവിലുള്ള ജീവനക്കാരുടെ കുടിശികയായ ആനുകൂല്യങ്ങൾ നൽകുന്നതിൽ പിന്തിരിഞ്ഞു നിൽക്കുന്ന അവസ്ഥയാണ് . ഈ ഇരട്ടത്താപ്പ് തിരിച്ചറിയണം. ജീവനക്കാർക്ക് നൽകാൻ പണമില്ല ബില്ലുകൾ മാറാനായി പണമില്ല എന്നൊക്കെ ഉത്തരവിറക്കുന്നവർ സർക്കാറിന്റെ പ്രചരണ പരിപാടിയായ കേരളീയത്തിനും ലോകകേരള സഭയ്ക്കും ഒക്കെ ആയിരക്കണക്കിന് കോടി രൂപയാണ് ചെലവഴിക്കുന്നത് . ഇതിനെതിരെ ശക്തമായ പ്രതിഷേധം കേരളത്തിലെമ്പാടും ആഞ്ഞടിക്കുകയാണ്. ഭരണപക്ഷത്തിന് സ്തുതി പാടുന്ന നിലപാടുകളിൽ നിന്നും ഇടത് സംഘടനക്കാർ പിന്തിരിയണം അവർ ജനാധിപത്യ പ്രസ്ഥാനങ്ങളോട് ചേർന്നുനിന്നുകൊണ്ട് യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണം. അവകാശ നിഷേധത്തിനെതിരെ സെറ്റോ, യു.ടി.ഇ.എഫ് സംഘടന കളുടെ ആഭിമുഖ്യത്തിൽ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കും.