‘ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചനക്ക് പിന്നിൽ പ്രതിപക്ഷം’; മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിൽ സർക്കാരിനെ കരിവാരിത്തേക്കുന്നു; 2024 നവംബറോടെ അതിദാരിദ്ര്യം തുടച്ചുമാറ്റും: മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രതിപക്ഷമാണ്, അല്ലാതെ ഭരണപക്ഷമല്ല. ഉള്ളത് പറയുമ്പോൾ മറ്റെയാൾക്ക് തുള്ളൽ എന്ന രീതിയാണ് ഇവിടെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങൾ തമ്മിലെ മത്സരത്തിന് സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ വിവാദമെന്ന് മുഖ്യമന്ത്രി.

കള്ളവാർത്തയ്ക്ക് വൻ പ്രചാരണം നൽകി ശുദ്ധമായി പ്രവർത്തിക്കുന്ന ഓഫീസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരാതി ഉന്നയിച്ച ആളുകൾക്കെല്ലാം അതിൽ പങ്കുണ്ടെന്നാണ് മനസിലാകുന്നത്. അവർ അവിടേക്ക് എത്താൻ മറ്റാരെങ്കിലും പിന്നിൽ പ്രവർത്തിച്ചോയെന്നാണ് അറിയാനുള്ളത്. കള്ളവാർത്തയ്ക്ക് മാധ്യമങ്ങൾ വലിയ പ്രചാരണം നൽകി. ഈ രീതിയിലാണോ പോകേണ്ടതെന്ന് സ്വയംവിമർശനപരമായി കാണണം. ഇത് സർക്കാരിനെ താറടിക്കുന്നത് മാത്രമല്ല. ഇത് നാടിനെയാണ് അപകീർത്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ അതിദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 64000ത്തിൽ പരം കുടുംബങ്ങൾ അതിദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് കണ്ടെത്തി. ആ കുടുംബങ്ങളെ സാമ്പത്തികമായി ഉയർത്താൻ വ്യക്തമായ മൈക്രോ പ്ലാൻ തയ്യാറാക്കി മോചിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം വഹിക്കും. വ്യക്തികൾക്ക് തിരിച്ചറിയൽ കാർഡ് നൽകാൻ ഇതിന്റെ ഭാഗമായി തീരുമാനിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളീയം നവംബർ ഒന്ന് മുതൽ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമസ്ത നേട്ടങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. 140 പ്രഭാഷകർ പങ്കെടുക്കും. ഭാവികേരള വികസന മാർഗ്ഗ രേഖയും സെമിനാർ ചർച്ച ചെയ്യും. കേരളം കണ്ടിട്ടുള്ളതിൽ വച്ച് വലിയ സാംസ്കാരിക വിരുന്നായിരിക്കും കേരളീയം.