ഓട്ടോറിക്ഷ കത്തി; രണ്ടു പേര്‍ വെന്തുമരിച്ചു; സി.എന്‍.ജി ഇന്ധനത്തില്‍ ഓടുന്ന
ഓട്ടോറിക്ഷയാണ് തീപിടിച്ചത്

കണ്ണൂര്‍: ബസിടിച്ചു മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ടു പേര്‍ വെന്തുമരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്.
കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണംകോട് സ്വദേശി സജീഷ്, അഭിലാഷ് എന്നിവരാണ് മരിച്ചത്.

കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. സി.എന്‍.ജി ഇന്ധനത്തില്‍ ഓടുന്ന
ഓട്ടോറിക്ഷയാണ് തീപിടിച്ചത്. രണ്ടു പേരുടെയും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. സ്ഥലത്ത് പൊലീസ് എത്തി പരിശോധന ആരംഭിച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീ അണച്ചത്.