കിവികള്‍ ‘പറക്കുന്നു’; ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് തകര്‍ത്തു

ചെന്നൈ: ലോകകപ്പില്‍ ന്യൂസിലന്‍ഡിന്‍റെ അദ്ഭുത കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയിച്ച കിവികള്‍ പോയിന്‍റ് പട്ടികയിൽ മുമ്പന്മാരാവുകയും ചെയ്തു.
ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ എട്ടുവിക്കറ്റിനാണ് ന്യൂസിലന്‍ഡ് തോല്‍പ്പിച്ചത്. 246 റണ്‍സ് വിജയലക്ഷ്യം 42.5 ഓവറിലാണ് കിവികള്‍ മറികടന്നത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍(78), ഡാരില്‍ മിച്ചല്‍(89*), ഡെവണ്‍ കോണ്‍വേ(48) എന്നിവരുടെ ബാറ്റിംഗ് വിജയം അനായാസമാക്കി. ബംഗ്ലാദേശിനായി മുസ്താഫിസുര്‍ റഹ്‌മാന്‍, ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് നേടാനേ ബംഗ്ലാക്കടുവകള്‍ക്ക് കഴിഞ്ഞുള്ളൂ.