സിപിഎമ്മിനെയും – പുകസയെയും വിമര്‍ശിച്ച് പ്രൊഫ. എം.എന്‍. വിജയന്റെ മകന്‍:‘ജീവിച്ചിരുന്നപ്പോള്‍ പുറത്താക്കിയ വിജയന്‍ മാഷെ ഇപ്പോള്‍ തിരിച്ചെടുത്തോ? തെറ്റുപറ്റിയത് വിജയന്‍ മാഷിനോ പാര്‍ട്ടിക്കോ’ നേതാക്കള്‍ പറയണം: വി എസ് അനിൽകുമാർ

തൃശ്ശൂര്‍: നിങ്ങള്‍ക്കു മറവി രോഗം ബാധിച്ചിട്ടുണ്ടാകും, എന്നാല്‍ ഞങ്ങള്‍ക്കതില്ല, പുരോഗമന കലാസാഹിത്യ സംഘത്തെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രൊഫ. എം.എന്‍. വിജയന്റെ മകനും – എഴുത്തുകാരനുമായ വി.എസ്. അനില്‍കുമാര്‍. എം.എന്‍. വിജയന്റെ കൊടുങ്ങല്ലൂരിലെ വീട്ടില്‍ നിന്ന് പുകസ സംഘടിപ്പിക്കുന്ന സ്മൃതി യാത്ര ആരംഭിക്കാന്‍ കുടുംബം അനുമതി നല്കിയില്ല.

കൊടുങ്ങല്ലൂര്‍ മേഖലാ സമ്മേളനത്തിന്റെ ഭാഗമായാണ് വിജയന്‍ മാഷിന്റെ വീട്ടില്‍ നിന്ന് സ്മൃതി യാത്ര ആരംഭിക്കുമെന്നു പറഞ്ഞിരുന്നത്. എം.എന്‍. വിജയന്റെ ചിത്രമുള്‍പ്പെടെ പോസ്റ്ററും തയാറാക്കിയിരുന്നു. പുകസയുടെ എംഎൻ വിജയൻ സ്മൃതിയാത്ര ധാർമ്മികതയില്ലാത്തത് എന്നാണ് അനിൽകുമാറിന്റെ വിമർശനം. പാർട്ടിയും പുകസയും എം. എൻ. വിജയനെ പരമാവധി തേജോവധം ചെയ്തുവെന്നും അനിൽകുമാർ പറഞ്ഞു.

ജീവിച്ചിരുന്നപ്പോള്‍ പുറത്താക്കിയ വിജയന്‍ മാഷെ ഇപ്പോള്‍ തിരിച്ചെടുത്തോയെന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്നും തെറ്റുപറ്റിയത് വിജയന്‍ മാഷിനാണോ പാര്‍ട്ടിക്കാണോയെന്നും നേതാക്കള്‍ പറയണമെന്നും വി.എസ്. അനില്‍കുമാര്‍ ആവശ്യപ്പെട്ടു. പുകസ സംസ്ഥാന പ്രസിഡന്റായിരുന്ന എം.എന്‍. വിജയന്‍ നിലപാടുകളുടെ പേരില്‍ രാജിവയ്‌ക്കുകയായിരുന്നു. രാജിയും ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനമാണെന്ന പ്രശസ്തമായ പ്രസ്താവനയോടെയായിരുന്നു അദ്ദേഹം പുകസയുടെ പടിയിറങ്ങിയത്.

പിണറായി വിജയന്‍ പാര്‍ട്ടിയില്‍ പിടിമുറുക്കിയ മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗകരുടെ ലിസ്റ്റില്‍ നിന്ന് എം.എന്‍. വിജയന്റെ പേര് പാര്‍ട്ടി വെട്ടിനീക്കിയിരുന്നു.’എം.എന്‍. വിജയന്‍ നീചനാണ്, നികൃഷ്ടനാണ്’ , എന്നൊക്കെ വിവരിക്കുന്ന 70 ലേഖനങ്ങള്‍ അടങ്ങിയ സമാഹാരം പിന്നീട് ചിന്ത പുറത്തിറക്കി. ‘ പുരയ്‌ക്കുമേല്‍ ചാഞ്ഞ മരം-എംഎന്‍. വിജയന്റെ ഗതിവിഗതികള്‍’ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകം പിന്‍വലിക്കുമോയെന്നും അനില്‍കുമാര്‍ ചോദിച്ചു. നിങ്ങള്‍ക്ക് മറവിരോഗം ബാധിച്ചിട്ടുണ്ടാകും, എന്നാല്‍ ഞങ്ങള്‍ക്കതില്ല.

എം.എന്‍. വിജയന്‍ നിര്യാതനായപ്പോള്‍ ഒരു നല്ല അധ്യാപകനായിരുന്നെന്നാണ് പിണറായി അനുശോചനക്കുറിപ്പില്‍ പറഞ്ഞത്. പാര്‍ട്ടിക്കുവേണ്ടി കേരളത്തിലങ്ങോളമിങ്ങോളം ഒട്ടേറെ വേദികളില്‍ വര്‍ഷങ്ങളോളം പ്രസംഗിച്ചയാളാണ് എം.എന്‍. വിജയന്‍. കുടുംബം അനുമതി നല്കാഞ്ഞതിനെത്തുടര്‍ന്ന് പരിപാടി എടവിലങ്ങ് ജംഷനിലേക്കു മാറ്റി