വിഴിഞ്ഞം ഉദ്ഘാടനം; ലത്തീൻ സഭയുടെ എതിര്‍പ്പ് മറികടന്ന് ഇടവക പങ്കെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ വിഴിഞ്ഞം ഇടവക പങ്കെടുക്കും. വിഴിഞ്ഞം ഇടവക വികാരി നിക്കോളാസും ഇടവക കൗൺസിൽ അംഗങ്ങളുമായിരിക്കും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുക. ഇടവക കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

ലത്തീൻ സഭയോട് ആലോചിക്കാതെയാണ് വിഴിഞ്ഞം ഇടവക ചടങ്ങിൽ പങ്കെടുക്കുന്നത്. ഇടവക മുന്നോട്ട് വെച്ച 18 ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. സർക്കാർ ഇങ്ങനെ ഉറപ്പ് നൽകുമ്പോൾ അതിനെ തള്ളികളയുന്നത് ശരിയെല്ലെന്നാണ് ഇടവകയുടെ പക്ഷം. തങ്ങൾ വികസനത്തിന് എതിരല്ലെന്ന് പറഞ്ഞ ഇടവക കരിദിനം പിന്‍വലിക്കുന്നതായും അറിയിച്ചു. ഇടവകയുടെ തീരുമാനത്തെ മന്ത്രി സജി ചെറിയാൻ സ്വാഗതം ചെയ്തു.

ലത്തീൻ അതിരൂപത ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുറമുഖം വരുന്നതോടെ ഇനിയും നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് ലത്തീൻ സഭാ വികാരി ജനറൽ ഫാദർ യൂജിൻ പെരേര പറഞ്ഞത്. വിഴിഞ്ഞം വലിയ വികസന പദ്ധതിയെന്ന് സർക്കാർ പറഞ്ഞു. ശാസ്ത്രീയ പഠനം വിഴിഞ്ഞത്ത് നടത്തിയിട്ടില്ല. മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ല. ഇപ്പോൾ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് നടക്കുന്നതെന്നും യൂജിൻ പെരേര പറഞ്ഞിരുന്നു