കരുവന്നൂരിൽ ബിനാമി വായ്‌പ നൽകിയത് സിപിഎം നിർദേശപ്രകാരം, ഉന്നത നേതാക്കൾക്കും പങ്കുണ്ട്; 57.75 കോടിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി

കൊച്ചി : കരുവന്നൂരിൽ ബിനാമി വായ്‌പ നൽകിയത് സിപിഐഎം നിർദേശപ്രകാരമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനാമി വായ്‌പകൾ സംബന്ധിച്ച് പാർട്ടി പ്രത്യേകം മിനുട്സ് സൂക്ഷിച്ചിരുന്നതായും ബാങ്ക് മുൻ സെക്രട്ടറി ബിജു കരീം, സെക്രട്ടറി സുനിൽ കുമാർ എന്നിവർ ഇ ഡി ക്ക് മൊഴി നൽകി. വായ്പകൾ നൽകുന്നത് നിയന്ത്രിച്ചിരുന്നത് സിപിഎം പാർലമെൻററി കമ്മിറ്റിയെന്ന് ഇ ഡി വ്യക്തമാക്കി. കോടികള്‍ വായ്പയെടുത്ത ശേഷം പണം തിരിച്ചടയ്ക്കാത്ത 90 പേരുടെ പട്ടികയാണ് ഇഡിക്ക് ലഭിച്ചത്.

കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ ഇഡി കണ്ടുക്കെട്ടിയത് പ്രതികളും ബെനാമികളും ഉള്‍പ്പെടെ 35 പേരുടെ സ്വത്തുക്കള്‍. കേസിലെ ഒന്നാംപ്രതി പി. സതീഷ്‌കുമാറിന്‍റെ 24 വ്‌സതുക്കളും 46 ബാങ്ക് അക്കൗണ്ടുകളുമാണ് കണ്ടുക്കെട്ടിയത്. സിപിഎം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്റെ നാല് അക്കൗണ്ടുകളും കണ്ടുക്കെട്ടിയ സ്വത്തുക്കളുടെ പട്ടികയിലുണ്ട്.

കേരളത്തിന് അകത്തും പുറത്തുമുള്ള 118 വസ്തുക്കള്‍, 11 വാഹനങ്ങള്‍, 92 ബാങ്ക് അക്കൗണ്ടുകള്‍ ഇഡി കണ്ടുക്കെട്ടിയ വസ്തുക്കളുടെ പട്ടിക ഇങ്ങനെ. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണംകൊണ്ട് ഒന്നാംപ്രതി സതീഷ്കുമാര്‍ വാങ്ങികൂട്ടിയത് 12 കോടിയിലേറെ മൂല്യമുള്ള 24 വസ്തുക്കളെന്ന് ഇഡി കണ്ടെത്തി. തൃശൂരിലെ വിവിധ സഹകരണ ബാങ്കുകളിലുള്‍പ്പെടെ സതീഷ്കുമാറിന്‍റെയും ഭാര്യയുടെയും പേരിലുണ്ടായിരുന്നത് 44 അക്കൗണ്ടുകളാണ്. ഇതില്‍ പതിനഞ്ച് അക്കൗണ്ടുകളും സഹകരണ ബാങ്കുകളില്‍.

സ്വത്തുകള്‍ക്ക് പുറമെ അക്കൗണ്ടുകളില്‍ കണ്ടെത്തിയ ഒരു കോടിയിലേറെ രൂപയും ഇഡി കണ്ടുകെട്ടി. സതീഷ്കുമാറിന്റെ തട്ടിപ്പുകള്‍ക്ക് സിപിഎം കൗണ്‍സിലര്‍ ഒത്താശചെയ്തെന്ന് ഇഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2017ലാണ് കരുവന്നൂരില്‍ നിന്ന് തട്ടിയ മൂന്ന് കോടി രൂപയുടെ വിഹിതമായ അന്‍പത് ലക്ഷം സതീഷ്കുമാര്‍ അരവിന്ദാക്ഷന്‍റെ പേരില്‍ നിക്ഷേപിച്ചത്. അരവിന്ദാക്ഷന്‍റെ പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ രണ്ടും ധനലക്ഷ്മി, എസ്ബിഐ ബാങ്കുകളിലെ ഓരോ അക്കൗണ്ടുകളും ഇഡി കണ്ടുകെട്ടി. എസ്ബിഐയിലെ അക്കൗണ്ട് വഴി 2014 – 18 കാലഘട്ടത്തില്‍ 66ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. പെരിങ്ങണ്ടൂര്‍ ബാങ്കിലെ അക്കൗണ്ട് വഴി ഒരു കോടിയിലേറെ രൂപയുടെ ഇടപാടും നടന്നു. നാലാംപ്രതി സി.കെ. ജില്‍സിന്‍റെ മൂന്നും ചേര്‍പ്പ് സ്വദേശി അനില്‍ സുബാഷിന്റെ 28 വസ്തുക്കളും കണ്ടുക്കെട്ടി. ആറ് മാസത്തേക്കാണ് സ്വത്തുക്കളുടെ കണ്ടുക്കെട്ടല്‍.