അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യൻ ആധിപത്യം വീണ്ടും. പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ വെറും 191 റൺസിനാണ് ഇന്ത്യ എറിഞ്ഞൊതുക്കിയത്. പിന്നാലെ ഇന്ത്യൻ ബാറ്റർമാരും ട്വന്റി 20 ശൈലിയിൽ പാക് ബൗളർമാരെ അതിർത്തി കടത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 86 റണ്‍സ് രോഹിത് ശര്‍മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യ എട്ടാം തവണയാണ് ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്. ഒരിക്കല്‍ പോലും പാകിസ്ഥാന് ജയിക്കാനായിട്ടില്ല.
അത്ര സുഖകരമായിരുന്നില്ല ഇന്ത്യയുടെ തുടക്കം. മൂന്നാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിന്റെ (16) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ ക്രീസിലെത്തിയത് വിരാട് കോലി (16). കോലി പെട്ടന്ന് മടങ്ങിയെങ്കിലും രോഹിത്തിനൊപ്പം 56 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഹസന്‍ അലിയുടെ പന്തില്‍ മുഹമ്മദ് നവാസിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്.
തുടര്‍ന്ന് ശ്രേയസിനൊപ്പം 77 റണ്‍സ് ചേര്‍ത്താണ് രോഹിത് മടങ്ങുന്നത്. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ഇഫ്തിഖര്‍ അഹമ്മദിനാണ് രോഹിത് ക്യാച്ച് നല്‍കിയത്. 63 പന്തുകല്‍ നേരിട്ട രോഹിത് ആറ് വീതം സിക്‌സും ഫോറും നേടിയിരുന്നു. വൈകാതെ കെ എല്‍ രാഹുലിനെ (19) കൂട്ടുപിടിച്ച് ശ്രേയസ് (53) ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്ന ക്ലാസിക് ഷോട്ടുകളും ക്രിക്കറ്റ് ആരാധകർക്ക് ആവേശമായി.