കോടികള്‍ പൊടിച്ച് കേരളീയം പരിപാടി; 27.12 കോടി രൂപ ധനവകുപ്പ് അനുവദിച്ചു; രാഷ്ട്രീയ പ്രചാരണം ലക്ഷ്യം

തിരുവനന്തപുരം: 67-മത് കേരളപ്പിറവിയോടനുബന്ധിച്ച് നടക്കുന്ന ‘കേരളീയം’പരിപാടിക്കായി കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സർക്കാർ പൊടിപൊടിക്കുന്നത് 27.12 കോടി രൂപ. കിഫ്ബിയിൽനിന്നുപോലും കടമെടുത്തു രാഷ്ട്രീയ പ്രചരണം കൂടി ലക്ഷ്യമിടുന്ന പരിപാടിയ്ക്കാണ് സർക്കാർ ലക്ഷ്യമിടുന്നത്. നവംബർ ഒന്നുമുതലാണ് കേരളീയം പരിപാടി ആരംഭിക്കുന്നത്.

ഷേമ പെൻഷനുകൾക്കും, സ്കൂൾ കുട്ടികളുടെ ഉച്ച ഭക്ഷണത്തിനും പണം നല്കാത്ത സർക്കാർ രാഷ്ട്രിയ നേട്ടം ലക്ഷ്യമിടുന്ന കേരളീയം പരിപാടിക്ക് 27.12 കോടി രൂപയാണ് അനുവദിച്ചു ഉത്തരവിറക്കിയത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ കൂപ്പ് കുത്തി നിൽക്കുമ്പോഴാണ് പരിപാടിക്കായി സർക്കാർ കോടികൾ പൊടിപൊടിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ട്രഷറിയിൽ നിന്ന് ബില്ലുകൾ മാറുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും വികസന പ്രവർത്തനങ്ങൾ നിർത്തിവെച്ചും മുന്നോട്ട് പോകുന്നതിനിടയിലാണ് കേരളീയ ത്തിന്റെ പേരിൽ സർക്കാർ കോടികളുടെ ധൂർത്ത് നടത്തുന്നത്.

കേരളത്തിന്റെവികസന പദ്ധതികൾക്ക് വേണ്ടി പണം നൽകേണ്ട കിഫ്ബിയിൽനിന്നുപോലും പതിവുകൾ മറി കടന്നുകൊണ്ട് കടമെടുത്താണ് ഈ പരിപാടിക്ക് പണം അനുവദിച്ചത്. പരിപാടിയുടെ ഭാഗമായ പ്രദർശനം 9.39 കോടി രൂപയും വൈദ്യുത അലങ്കാരത്തിന് 2.97 കോടിയും സാംസ്കാരിക പരിപാടികൾക്ക് 3. 14 കോടിയുംപ്രചരണത്തിന് 3.98 കോടിയുമാണ് അനുവദിച്ചത്. ഇതിനു പുറമേ സ്പോൺസർഷിപ്പ് നീക്കവും സർക്കാർ നടത്തുകയാണ്.

രാഷ്ട്രീയ പ്രചരണം കൂടിലക്ഷ്യമാക്കിയാണ് കോടികൾ ചിലവഴിച്ച് നവംബർ ഒന്നുമുതൽ കേരളീയം പരിപാടി സർക്കാർ നടത്തുന്നത് ‘പ്രതിപക്ഷം പരിപാടിക്കെതിരെ ശക്തമായ വിമർശനം ഉയർത്തിയിരുന്നു ഈ പരിപാടിയുമായി സഹകരിക്കില്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. വിവാദങ്ങൾ ആളിക്കത്തുന്നതിനിടയിലാണ് സർക്കാർ പരിപാടിക്കായി പണം അനുവദിച്ചത്.

67-മത് കേരളപ്പിറവിയോടനുബന്ധിച്ച് നടക്കുന്ന ‘കേരളീയം’പരിപാടിയില്‍ ലോകമെമ്പാടുമുള്ള പ്രമുഖര്‍ പങ്കെടുക്കും. നാലായിരത്തോളം കലാകാരന്മാരും മുന്നൂറോളം കലാപരിപാടികളും 31 വേദികളുമായി ‘കേരളീയ’ത്തിന്റെ വമ്പന്‍ സംസ്‌കാരിക വിരുന്നാണ് ഒരുക്കിയിട്ടുള്ളത്.

നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ അനന്തപുരി ആതിഥ്യമരുളുന്ന കേരളീയം 2023 ജനകീയോത്സവത്തിലാണ് കേരളത്തിന്റെ മുഴുവന്‍ കലകളെയും അണിനിരത്തിയുള്ള സമ്പൂര്‍ണ കലാവിരുന്ന് അരങ്ങേറുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. നവംബറില്‍ നടക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിവിധ സെമിനാറുകളുണ്ടാകും.