അടിമുടി മാറ്റം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ മുഴുവൻ കെട്ടിടങ്ങളും പൊളിച്ച് പുതുക്കി പണിയും; 361 കോടി രൂപയുടെ പദ്ധതി

കൊല്ലം: റെയില്‍വേയുടെ പ്ലാറ്റിനം ഗ്രേഡിലുള്‍പ്പെടുത്തി കൊല്ലം റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന് ഒരുങ്ങുന്നു. ഇതിനായി നിലവില്‍ സ്റ്റേഷനിലുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ച് നീക്കും. സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെ 361 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്.

2025 ഡിസംബര്‍ ആകുമ്പോഴേയ്ക്കും പുതിയ റെയില്‍വേ സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പ്രധാന ടെര്‍മിനലിന് ആകെ അഞ്ച് നിലകളാകും ഉണ്ടാകുക. രണ്ട് ടെര്‍മിനലുകളുള്ള സ്റ്റേഷനില്‍ ലോഞ്ചുകള്‍, കാത്തിരിപ്പ് കേന്ദ്രം, കിയോസ്‌കുകള്‍, കൊമേഷ്യല്‍ ഏരിയ എന്നിവയുണ്ടാകും.

12 ലിഫ്റ്റും ആറ് എസ്‌കലേറ്ററുകളുമാകും ഇവിടെയുണ്ടാകുക. മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിംങ് ഉള്‍പ്പടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഇവിടെയൊരുക്കും. ഷോപ്പിംഗ് മാള്‍ ഡിസൈനിലുള്ള കോണ്‍കോഴ്‌സും നിര്‍മിക്കും.

24 കോടി രൂപ മുതല്‍മുടക്കില്‍ പുരോഗമിക്കുന്ന മെമു ഷെഡിന്‍റെ നിര്‍മാണവും അവസാനഘട്ടത്തിലേക്ക് കടന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് പൂര്‍ത്തിയായാല്‍ കൊല്ലം കേരളത്തിന്‍റെ മെമു ഹബായി മാറും. പുതിയ റെയില്‍വേ സ്റ്റേഷനിലെ മാളില്‍ പൊതുജനങ്ങള്‍ക്ക് പ്ലാറ്റ്‌ഫോം ടിക്കറ്റ് ഇല്ലാതെ തന്നെ പ്രവേശനം അനുവദിക്കും.